ഡൽഹി :ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിമറി നടത്തി 36,500 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയ യുഎസ് നിക്ഷേപ സ്ഥാപനമായ ജെയിൻ സ്ട്രീറ്റ് ഗ്രൂപ്പിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഇടക്കാല വിലക്കേർപ്പെടുത്തി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
ജെയിൻ സ്ട്രീറ്റിനോട് ഉടനടി 4,843.57 കോടി രൂപ എസ്ക്രോ അക്കൗണ്ടിൽ (മൂന്നാം കക്ഷി അക്കൗണ്ട്) കെട്ടിവയ്ക്കാനും സെബി ആവശ്യപ്പെട്ടു. ജെയിൻ സ്ട്രീറ്റിന്റെയും അനുബന്ധ കമ്പനികളുടെയും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ, ഡിമാറ്റ് അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കാനും പണം പിൻവലിക്കുന്നത് തടയാനും സെബി ബാങ്കുകൾ ഉൾപ്പെടെയുള്ളവയോട് നിർദേശിച്ചിട്ടുണ്ട്. സെബിയുടെ അനുമതിയോടെ മാത്രമേ എസ്ക്രോ അക്കൗണ്ടിലെ പണവും ഇനി ജെയിനിന് പിൻവലിക്കാനാകൂ.സെബിയുടെ പരിശോധനയിൽ, 18 ദിവസങ്ങളിലായി മാത്രം കമ്പനി തിരിമറിയിലൂടെ നേടിയ ലാഭമാണ് ഈ 4,843.57 കോടി രൂപ. ഇതാണ് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതും. രണ്ടുവർഷത്തെ പ്രവർത്തനത്തിലൂടെ കമ്പനി 36,000 കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.ജെയിൻ സ്ട്രീറ്റിന്റെ തിരിമറി ഓഹരി വിപണിയിലെ അവധി വ്യാപാര (ഡെറിവേറ്റീവ്സ്) ഇടപാടുകളിലാണ് ജെയിൻ സ്ട്രീറ്റ് തിരിമറി നടത്തിയതെന്ന് സെബിയുടെയും എൻഎസ്ഇയുടെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ജെയിൻ സ്ട്രീറ്റ് ഗ്രൂപ്പും മില്ലേനിയം മാനേജ്മെന്റും തമ്മിൽ നടന്ന വ്യാപാര തന്ത്രത്തെ കുറിച്ചുള്ളൊരു തർക്കം മാധ്യമ റിപ്പോർട്ടായി വന്നിരുന്നു. ഇതാണ് സെബിക്ക് അന്വേഷണത്തിലേക്കുള്ള വഴി തുറന്നത്. മുന്നറിയിപ്പുകൾ അവഗണിച്ചും കമ്പനി തട്ടിപ്പ് തുടരുകയായിരുന്നെന്ന് സെബിയുടെ റിപ്പോർട്ടിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സെബി അടിയന്തരമായി ഇടപെട്ട് വിലക്കേർപ്പെടുത്തിയത്. ജെയിൻ അനധികൃതമായി നേട്ടമുണ്ടാക്കുന്നു എന്ന സൂചന ആ മാധ്യമ റിപ്പോർട്ടിലുണ്ടായിരുന്നതാണ് സെബിയെ അന്വേഷണത്തിനു പ്രേരിപ്പിച്ചത്.
ജെയിനിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സെബി എന്‍എസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ജെയിനിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.നിഫ്റ്റിയിൽ ബാങ്കിങ് സൂചികയായ നിഫ്റ്റി ബാങ്ക് അഥവാ ബാങ്ക് നിഫ്റ്റിയുടെ ഡെറിവേറ്റീവ് ഘടകമായ നിഫ്റ്റി ബാങ്ക് ഇൻഡെക്സ് ഓപ്ഷനിലായിരുന്നു ജെയിൻ തിരിമറി നടത്തിയത്. ഇൻഡക്സ് ഓപ്ഷനിൽ തൽസമയ ഓഹരി വ്യാപാരമല്ല, മറിച്ച് ഭാവിയിൽ ഒരു നിശ്ചിത തീയതിയിൽ ഓഹരിവില ഒരു നിശ്ചിതനിരക്കിലേക്ക് കൂടുകയോ കുറയുകയോ ചെയ്യുമെന്ന് ‘ബെറ്റ് വച്ച്’ കോൺട്രാക്റ്റ് സ്ഥാപിക്കുകയാണ് ചെയ്യുക.
ഇത്തരം കോൺട്രാക്റ്റിൽ ഏർപ്പെടുന്നവർക്ക് ഓഹരി ആ വിലയിൽ എത്തുമ്പോൾ അതു വിൽക്കാനോ വാങ്ങാനോ കഴിയും. ഓഹരി വാങ്ങണമെന്ന് പക്ഷേ നിർബന്ധമില്ല. എന്നാൽ, ജെയിൻ കൃത്രിമമായി വിലപെരുപ്പിക്കുകയും പിന്നീട് വൈകിട്ടോടെ വില ഇടിയുമെന്ന കോൺട്രാക്റ്റ് വയ്ക്കുകയുമായിരുന്നു. കോൺട്രാക്റ്റ് എക്സ്പയറി ദിനങ്ങളിൽ വില കൃത്രിമമായി താഴ്ത്തി ലാഭമുണ്ടാക്കുകയും ചെയ്തുവെന്നാണ് സെബിയുടെ കണ്ടെത്തൽ.
ഉദാഹരണത്തിന്, ബാങ്ക് നിഫ്റ്റി 50,000ൽ ആണെന്ന് കരുതുക. ജെയിൻ സ്ട്രീറ്റ് അവിടെ 50,000ന് ഓപ്ഷൻ വയ്ക്കുകയും ബാങ്ക് നിഫ്റ്റി 50,000ന് താഴെപ്പോകുമെന്ന് ബെറ്റ് വയ്ക്കുകയും ചെയ്യുന്നു. പിന്നീട് കൃത്രിമമായി 50,000ന് താഴേക്ക് വീഴ്ത്തിയശേഷം ലാഭമെടുക്കുകയാണ് ചെയ്തിരുന്നത്. വില 50,000ന് താഴെപ്പോയാലും ജെയിനിന് 50,000ൽ തന്നെ വിൽക്കാൻ ഓപ്ഷൻ (പുട്ട് ഓപ്ഷൻ) സഹായിച്ചിരുന്നു. അനുബന്ധ കമ്പനികളെ ഉപയോഗിച്ചായിരുന്നു വിലയിൽ ഇത്തരം കൃത്രിമത്വം വരുത്തിയിരുന്നത്.മിക്കവാറും കോൺട്രാക്റ്റ് എക്സ്പയറി തീയതികളിൽ വിലയിൽ വൻതോതിലുള്ള വ‌്യതിയാനം ശ്രദ്ധയിൽപ്പെട്ടതും സെബിയെ ജെയിനിനെതിരായ നടപടിയിലേക്ക് നയിച്ചു. കാലാവധി തീരുന്ന ദിവസങ്ങളിൽ ഇൻഡക്സ് ഓപ്ഷനുകളിൽ വൻതോതിലുള്ള വ്യാപാരം നടക്കുന്ന ശ്രദ്ധയിൽപ്പെട്ട സെബി, പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിച്ച് സർക്കുലറും ഇറക്കിയിരുന്നെങ്കിലും കമ്പനി തിരിമറി തുടരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.