മെൽബണ്‍: ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യൻ റെസ്റ്റോറന്‍റുകളിലും ചുവരെഴുത്ത്.
'തൊലി കറുത്തവർ നാട് വിട്ടുപോകൂ' എന്നെഴുതിയാണ് ക്ഷേത്ര ചുമർ വികൃതമാക്കിയത്. മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലും വിദ്വേഷകരമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതായി ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിദ്യാർത്ഥിക്ക് ഓസ്ട്രേലിയയിൽ ക്രൂരമായി മർദനമേറ്റതിന് പിന്നാലെയാണിത്.ബോറോണിയയിലെ വാഡ്ഹർസ്റ്റ് ഡ്രൈവിലുള്ള ക്ഷേത്രത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ ചിത്രം സ്പ്രേ പെയിന്‍റ് ചെയ്തതിനൊപ്പമാണ് ബ്രൌണ്‍ നിറമുള്ളവർ തിരികെ പോകാൻ എഴുതിയിരിക്കുന്നത്. സമീപത്തുള്ള രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ച് ആശങ്ക ഉയരുകയാണ്.
ഈ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ (വിക്ടോറിയ ചാപ്റ്റർ) പ്രസിഡന്റ് മകരന്ദ് ഭാഗവത് രംഗത്തെത്തി. ഇത് നമ്മുടെ വ്യക്തിത്വത്തിനും ആരാധിക്കാനുള്ള അവകാശത്തിനും നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് വിക്ടോറിയ പ്രീമിയർ ജാസിന്റ അലൻ ഇടപെട്ടു. വിദ്വേഷവും വംശീയതയും നിറഞ്ഞ ഈ സംഭവം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.