തിരുവനന്തപുരം: അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ബിസിനസ് സമ്മേളനങ്ങള്‍, കൂടിച്ചേരലുകള്‍, വിവാഹസത്കാരം എന്നിവയുടെ ഭാഗമായി വന്‍കിട ഹോട്ടലുകളില്‍ ഇനിമുതല്‍ എല്ലാ മാസവും ഒന്നാംതീയതിയും മദ്യം വിളമ്പാം.
ത്രീസ്റ്റാര്‍മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാന്‍ഡ്, ഹെറിറ്റേജ് ക്ലാസിക്, ബോട്ടിക് ഹോട്ടലുകള്‍ എന്നിവയ്ക്കാണ് ഒന്നാംതീയതി മദ്യം വിളമ്പാന്‍ അനുമതി ലഭിക്കുക.പ്രാദേശികചരിത്രമോ സംസ്കാരമോ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്ത ചെറുതും സ്വതന്ത്രവുമായ ആഡംബര ഹോട്ടലുകളെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ടിക് ഹോട്ടലുകള്‍ എന്ന ഗണത്തില്പ്പെടുത്തിയിട്ടുള്ളത്.ഒന്നാംതീയതി മദ്യം വിളമ്പേണ്ടതുണ്ടെങ്കില്‍ ഏകദിന പെര്‍മിറ്റിനായി ചടങ്ങിന്റെ വിശദാംശം സഹിതം ഏഴുദിവസം മുന്‍പ് എക്സൈസ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. 50,000 രൂപയാണ് ലൈസന്‍സ് ഫീസ്.
വിനോദസഞ്ചാരമേഖലയുടെ ആവശ്യം പരിഗണിച്ച് ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാന്‍ നേരത്തേ സര്‍ക്കാര്‍ മദ്യനയം ഭേദഗതിചെയ്തിരുന്നു. ഏപ്രില്‍ ഒന്‍പതിന് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടമാണ് ഇപ്പോള്‍ വിജ്ഞാപനം ചെയ്തത്.
ഒന്നാംതീയതി ഒഴികെയുള്ള മറ്റു ഡ്രൈഡേകളില്‍ സ്പെഷ്യല്‍ ലൈസന്‍സ് അനുവദിക്കില്ല. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും സര്‍ക്കാര്‍ മറ്റേതെങ്കിലും കാരണത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള ഡ്രൈ ഡേയും ഒന്നിച്ചുവന്നാലും ഇളവ് ലഭിക്കില്ല.
ഒന്നാംതീയതി ഡ്രൈ ഡേയായി പ്രഖ്യാപിച്ചിട്ടുള്ളത് അന്താരാഷ്ട്ര സമ്മേളനങ്ങള്‍, മൈസ് (മീറ്റിങ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്) ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തുടങ്ങിയവയെ ബാധിക്കുന്നതായി വിനോദസഞ്ചാരമേഖലയില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.