കൊച്ചി: കാലവർഷത്തിൽ രണ്ടുമാസംകൊണ്ട് 75 ശതമാനത്തോളം നിറഞ്ഞ് സംസ്ഥാനത്തെ ഡാമുകൾ. വൈദ്യുതോത്‌പാദനം പൂർണതോതിലായിട്ടും ജലനിരപ്പുയരുകയാണ്.
പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ ഒൻപത് ഡാമുകൾ തുറന്നു. തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകൾ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളമൊഴുക്കുന്നത്.ഇടുക്കി ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ടർവരെ ജലനിരപ്പെത്തി. ആറടികൂടി സംഭരണം സാധ്യമാണ്. ഓറഞ്ച് അലർട്ടുള്ള കക്കി ഡാം മഴ ശക്തമായാൽ തുറക്കേണ്ടിവരും. കക്കയം, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്.
2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയേറെ വെള്ളം സംഭരിക്കപ്പെടുന്നത്.വലിയഡാമുകളായ ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ, മലമ്പുഴ, ചിമ്മിനി, കുറ്റ്യാടി, നെയ്യാർ, പീച്ചി എന്നിവയിലെല്ലാം 70 ശതമാനത്തോളമോ അതിനുമുകളിലോ ആണ് നിലവിൽ വെള്ളം. വൈദ്യുതിബോർഡിനു കീഴിലുള്ള ഡാമുകളിൽ ജലനിരപ്പു താഴ്ത്താനായി ജൂൺ ആദ്യംമുതൽ വൈദ്യുതി ഉത്‌പാദനം പരമാവധിയിലാണ്.
ദിവസേന 38-40 ദശലക്ഷം യൂണിറ്റ് ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നില്ല.പറമ്പിക്കുളത്ത് പരമാവധി സംഭരണശേഷിയായ 1825 അടിയിൽ വെള്ളമെത്തിക്കഴിഞ്ഞു. അപ്പർ ഷോളയാറിൽ 3295 അടിയാണ് പരമാവധി ശേഷി.
3292 അടി എത്തി. അപ്പർ ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്കും അവിടെനിന്ന് പെരിങ്ങൽക്കുത്തിലേക്കുമാണ് വെള്ളമൊഴുക്കുക. പറമ്പിക്കുളത്തുനിന്ന് പെരിങ്ങൽക്കുത്തിലേക്ക് വെള്ളമെത്തും. നിലവിൽ പെരിങ്ങൽക്കുത്തിൽ രണ്ട് സ്ലൂയിസ് ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.