കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ വിശേഷിപ്പിച്ചു.
വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവിനെ കണ്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം ദിമിത്രി ഷിർനോവ് ഔദ്യോഗികമായി അറിയിച്ചുവെന്നും അമിർ ഖാൻ വ്യക്തമാക്കി.താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു.
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ അന്താരാഷ്ട്ര അംഗീകാര ലഭിക്കാനുളള ശ്രമത്തിലായിരുന്നു താലിബാന്‍ ഭരണകൂടം. താലിബാൻ അധികാരത്തിലെത്തിയ ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾക്കിടെയാണ് റഷ്യയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ വാണിജ്യവും സാമ്പത്തികവുമായ സഹകരണ സാധ്യത താലിബാൻ ഭരണകൂടവുമായുള്ള ബന്ധത്തിൽ കാണുന്നുവെന്നാണ് റഷ്യയുടെ നിലപാട്. തീവ്രവാദത്തിനും മയക്കുമരുന്നിനും എതിരെ പോരാടുന്നതിന് കാബൂളിനെ തുടർന്നും സഹായിക്കുമെന്നും റഷ്യ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
2021 മുതൽ അഫ്ഗാനിസ്ഥാനിലുളള എംബസി അടച്ചുപൂട്ടാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. പ്രാദേശിക സുരക്ഷയും സാമ്പത്തിക വികസനം ഉണ്ടാകുന്നതിനും കാബൂളുമായുള്ള ബന്ധം നിർണായകമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.