തിരുവനന്തപുരം :ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ഇടപ്പഴഞ്ഞി ശ്രീലെയ്ൻ 1/ 10 കീർത്തനയിൽ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ.
തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു.ജീവനക്കാർ ജോലിക്കെത്താത്തത് അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിൻ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടിൽ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഹോട്ടലിൽ രണ്ടാഴ്ചയ്ക്കു മുൻപ് ജോലിയിൽ പ്രവേശിച്ച നേപ്പാൾ സ്വദേശി ഡേവിഡ് ദിൽകുമാർ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആർ.രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്. രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം. രാവിലെ ആറിനു ജസ്റ്റിൻ ഹോട്ടലിലെത്തിയപ്പോൾ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്കു പോയി. ഡേവിഡും രാജേഷും ഉൾപ്പെടെ 3 ജീവനക്കാർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ കണ്ടതോടെ ജസ്റ്റിൻ ക്ഷുഭിതനായി.
ഇനി ജോലിക്കു വരേണ്ടെന്നും ഉടൻ വീട്ടിൽ നിന്നിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പുറത്തേക്കു പോയി. ഡേവിഡിന്റെയും രാജേഷിന്റെയും സാധനങ്ങൾ ജസ്റ്റിൻ പുറത്തേക്ക് വാരിയിട്ടു. ഇതിൽ പ്രകോപിതരായ ഇരുവരും ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു.
ജസ്റ്റിനെ മുറിയിലിട്ട് ക്രൂരമായി അടിച്ച സംഘം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വീടിനു പുറത്ത് അടുക്കളയുടെ ഭാഗത്തെത്തിച്ചു. തുടർന്ന് മൃതദേഹം പായ് കൊണ്ട് മൂടിയ സംഘം ജസ്റ്റിന്റെ ബൈക്കിൽ വിഴിഞ്ഞത്തേക്കു പോയി. ജസ്റ്റിൻ രാജിന്റെ എടിഎം കാർഡ് കൈക്കലാക്കി പണമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഴിഞ്ഞത്ത് ബൈക്ക് പണയം വച്ച് കിട്ടിയ പണവുമായി ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.3 സുഹൃത്തുക്കൾക്കൊപ്പം തുടങ്ങിയ ഹോട്ടൽ നെയ്യാറ്റിൻകര സ്വദേശിയായ ജസ്റ്റിനും കുടുംബവും 25 വർഷം മുൻപാണ് ഇടപ്പഴഞ്ഞിയിൽ താമസമാരംഭിച്ചത്. കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന അദ്ദേഹം ടാക്സി സർവീസ് ബിസിനസും നടത്തി. ഒരു വർഷം മുൻപാണ് 3 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ തുടങ്ങിയത്. രാവിലെ പതിവായി ഹോട്ടൽ തുറക്കുന്നതും നോക്കി നടത്തുന്നതും ജസ്റ്റിനായിരുന്നു. ജോലിക്കാർ തുടർച്ചയായി അവധിയെടുക്കുന്നതും മദ്യപിച്ച് വീട്ടിൽ കിടക്കുന്നതും ഹോട്ടലിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
രാജേഷിനെയും ഡേവിഡിനെയും വിളിക്കാൻ ഹോട്ടലിലെ മാനേജരുടെ ബൈക്കിലാണ് ജസ്റ്റിൻ പോയത്. ഏറെനേരമായിട്ടും തിരികെ വരാത്തപ്പോൾ ജസ്റ്റിൻ സ്വന്തം വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്നാണു ഹോട്ടലിലെ മറ്റു ജീവനക്കാരും മാനേജരും കരുതിയത്. ഉച്ച കഴിഞ്ഞും ജസ്റ്റിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരൻ സുനിൽ രാജിനെ മാനേജർ വിവരമറിയിച്ചു. ജീവനക്കാരുടെ വാടകവീട്ടിൽ അന്വേഷിച്ചെത്തിയ സഹോദരൻ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് അവിടെ കാണാത്തതിനാൽ തിരികെ പോയി.
പിന്നാലെ ജസ്റ്റിന്റെ വീട്ടിലെത്തി. പൊലീസിൽ പരാതി അറിയിച്ച ശേഷം വാടകവീട്ടിൽ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയ്ക്കു സമീപം ജസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.ക്രിമിനൽ കേസുകളിലെ പ്രതി ജസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത നേപ്പാൾ സ്വദേശി ഡേവിഡ് വധശ്രമവും മോഷണവും അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി.
രാജേഷ് ബോക്സിങ് താരമാണ്. ഇയാളുടെ ഇടിയിലാണ് ജസ്റ്റിൻ രാജിന്റെ പരുക്കുകൾ കൂടുതലും. നെഞ്ചിന്റെ എല്ലിനു പൊട്ടലും രാജേഷിന്റെ ഇടിയിൽ സംഭവിച്ചതാണ്. ഡേവിഡ് എറണാകുളം, കോവളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മോഷണം, അടിപിടി കേസുകളിൽപെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൂജപ്പുര ജയിലിൽ 30 ദിവസത്തെ റിമാൻഡ് ശിക്ഷയ്ക്കു ശേഷമാണ് ഇടപ്പഴഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടാണ് ഡേവിഡ് ജോലിക്കായി സമീപിച്ചത്. ജോലിക്കു കയറിയ ദിവസം മുതൽ മറ്റു ജീവനക്കാരോടും കടയിൽ എത്തുന്നവരോടും തട്ടിക്കയറുക പതിവായിരുന്നു.
ഇയാൾക്ക് മറ്റു സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഡേവിഡിന്റെ പക്കൽനിന്നു പിടിച്ചെടുത്ത രേഖകൾ പലതും വ്യാജമാണെന്നു പൊലീസ് സംശയിക്കുന്നു. നേപ്പാളിലെ വിലാസവും ക്രിമിനൽ കേസ് വിവരങ്ങളും അന്വേഷിക്കാൻ നടപടി ആരംഭിച്ചു. രാജേഷിനെതിരെ വിഴിഞ്ഞത്ത് നേരത്തേ കേസുണ്ടെന്നു പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.