കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്.
2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തെ തകർത്തെറിഞ്ഞു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്.എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27നായിരുന്നു ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം. ടൗൺഷിപ്പിൻ്റെ ഭാഗമായി നിർമ്മിക്കുന്ന മാതൃകാഭവനത്തിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി എന്നിവയും ടൗൺഷിപ്പിൻ്റെ ഭാഗമായി ഉണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാരിൻ്റെ നിലപാട്.
ഇതൊക്കെയാണെങ്കിലും നിർമ്മാണപ്രവർത്തി പൂർത്തീകരിച്ച് ടൗൺഷിപ്പ് എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്.ഇതിനിടെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സമീപനം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചെങ്കിലും കേന്ദ്രം അത് പരിഗണിച്ചിരുന്നില്ല.
വായ്പയായി ധനസഹായം അനുവദിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി വിമർശനം ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.