മാനന്തവാടി : വയോധികനെ ഇടിച്ചിട്ട് നിർത്താതെപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറെ മാനന്തവാടി പോലീസ് പിടികൂടി. നല്ലൂർനാട് അത്തിലൻ വീട്ടിൽ എ.വി. ഹംസ(49)യെയാണ് ദിവസങ്ങൾനീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. അപകടം വരുത്തിയ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏഴിനുരാത്രി മൂളിത്തോട് പാലത്തിനുസമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. അയിലമൂല ഭാഗത്തുനിന്നു മോളിത്തോട് ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന മൂളിത്തോട് സ്വദേശി വി.കെ. ജോണി(61)യെയാണ് എതിർദിശയിൽവന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചത്. വയോധികന് ഗുരുതരപരിക്കേറ്റിരുന്നു. വലതുകാലിന്റെ എല്ലുപൊട്ടിയ ജോണി ചികിത്സയിലാണ്.ദൃക്സാക്ഷികളില്ലാതിരുന്ന സംഭവത്തിൽ പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിലാണ് ഹംസയെ പിടികൂടാൻ സാധിച്ചത്. സംഭവം നടന്നത് രാത്രിയായതിനാലും സാരമായി പരിക്കേറ്റതിനാലും പരാതിക്കാരന് വാഹനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൃത്യമായി പോലീസിനു പറഞ്ഞുകൊടുക്കാൻ സാധിച്ചിരുന്നില്ല.
ഏകദേശം 150-ഓളം സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷകളുമാണ് പോലീസ് പരിശോധിച്ചത്. ഓട്ടോറിക്ഷയുടെ പൊട്ടിയ സൈഡ് മിററും ഇടിയേറ്റ് ചളുങ്ങിയ ഭാഗവുമാണ് കേസിനു തുമ്പായത്.
മാനന്തവാടി ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്ഐ അതുൽ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. ജോബി, ബി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ ജോസഫ്, കെ.വി. രഞ്ജിത്ത്, എ.ബി. ശ്രീജിത്ത്, അരുൺ, അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.