ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ യുഎസിലേക്കു പോയ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന യുവ ബിജെപി എംപി നയതന്ത്ര പ്രോട്ടോക്കോൾ തെറ്റിച്ച് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. ശശി തരൂർ എംപി നയിച്ച സംഘത്തിലുണ്ടായിരുന്ന എംപിക്കെതിരെയാണ് ആരോപണം. യുഎസിലുള്ള സുഹൃത്തു മുഖേന ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ട്രംപ് കാണാൻ കൂട്ടാക്കിയില്ലെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
സംഭവം ഇങ്ങനെ: ‘‘ഇന്ത്യൻ പ്രതിനിധിസംഘത്തിലുണ്ടായിരുന്ന ശിവസേന അംഗം മിലിന്ദ് ഡിയോറ വ്യവസായികളുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് ഡോണൾഡ് ട്രംപിന്റെ മക്കളായ ട്രംപ് ജൂനിയറുമായും എറിക് ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ അസ്വസ്ഥനായ ബിജെപിയുടെ യുവ എംപി ഇവരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. തുടർന്ന് നേരിട്ട് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ എംപി ശ്രമം തുടങ്ങി.ഇതിനായി യുഎസിലുള്ള പഴയ സുഹൃത്തിനെ എംപി സമീപിക്കുകയും ഇദ്ദേഹം കൂടിക്കാഴ്ചയ്ക്കായി ചരടുവലികൾ നടത്തുകയും ചെയ്തു. ട്രംപിനെ കാണാൻ എംപി അദ്ദേഹത്തിന്റെ ഫ്ലോറിഡയിലുള്ള ഗോൾഫ് റിസോർട്ടായ മാർ എ ലാഗോയിലേക്ക് വച്ചുപിടിക്കുകയും ചെയ്തു. ‘ഇന്ത്യൻ സർക്കാരിന്റെ വളരെ അടുത്തയാൾ’ എന്നാണ് എംപിയെ ട്രംപിന് പരിചയപ്പെടുത്തിയത്. എന്നാൽ ട്രംപ് ഇദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ല. ഇതോടെ എംപിയും സുഹൃത്തും തിരികെ മടങ്ങി.’ ഇന്ത്യയിലെത്തിയ എംപി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ സംഭവം അറിഞ്ഞ ബിജെപി നേതൃത്വം എംപിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകിയതായാണ് വിവരം.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ എംപിക്കെതിരെ രംഗത്തെത്തി. ഇത് വെറും രാഷ്ട്രീയ ഗോസിപ്പല്ലെന്നും ഇന്ത്യയുടെ അഭിമാനത്തിനും നയതന്ത്ര മര്യാദകൾക്കുമേറ്റ നാണക്കേടാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ പറഞ്ഞു. ‘ഒരു ഔദ്യോഗിക സംഘത്തിന്റെ ഭാഗമായിരിക്കേ ഇത്തരം അപക്വമായ നടപടികളെ എങ്ങനെയാണ് ന്യായീകരിക്കുക? ആരാണ് ഈ യുവ ബിജെപി എംപി, ഈ അച്ചടക്കലംഘനത്തിനെതിരെ എന്ത് നടപടിയാണ് സർക്കാർ എടുത്തത്?’–ഖർഗെ എക്സിൽ ചോദിച്ചു.സംഭവി ചൗധരി (എൽജെപി), സർഫറാസ് അഹമ്മദ് (ജെഎംഎം), ഹരീഷ് ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ഡിയോറ, മല്ലികാർജുൻ ദേവ്ഡ (ശിവസേന) എന്നിവരാണ് തരൂർ നയിച്ച സംഘത്തിലുണ്ടായിരുന്നവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.