ന്യൂഡൽഹി : അടുത്ത വർഷം 75 രാജ്യസഭാ സീറ്റുകളിൽ ഒഴിവു വരുമെന്ന് റിപ്പോർട്ട്. ആകെയുള്ള 245 സീറ്റുകളിൽ ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലാണ് 75 ഒഴിവുകൾ വരുന്നത്. ഇതിൽ 233 സീറ്റുകൾ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലൂടെയും 12 എണ്ണം രാഷ്ട്രപതിയുടെ നാമനിർദേശത്തിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മോദി മന്ത്രിസഭയിലെ ഹർദീപ് സിങ് പുരി, ബി.എൽ. വർമ തുടങ്ങിയവരും ഉൾപ്പെടുന്നു.
2026 ജൂൺ 25നാണ് കർണാടകയിൽനിന്നുള്ള മല്ലികാർജുൻ ഖർഗെയുടെ കാലാവധി അവസാനിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കാലാവധിയും അന്ന് അവസാനിക്കും. കേന്ദ്ര മന്ത്രിസഭാംഗങ്ങളായ ഉത്തർപ്രദേശിൽനിന്നുള്ള ഹർദീപ് സിങ് പുരി, ബി.എൽ. വർമ എന്നിവരുടെ കാലാവധി 2026 നവംബർ 25ന് അവസാനിക്കും. ഇവർക്കൊപ്പം ഉത്തർപ്രദേശിൽനിന്നുതന്നെയുള്ള ആറുപേരുടെയും കാലാവധി അവസാനിക്കും.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ രവ്നീത് സിങ് ബിട്ടുവിന്റെ കാലാവധി ജൂൺ 26ന് തീരും. ലുധിയാനയിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം ആണ്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായ മലയാളി ജോർജ് കുര്യൻ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് എന്നിവരുടെ കാലാവധിയും അടുത്ത ജൂൺ 26ന് അവസാനിക്കും.
മഹാരാഷ്ട്രയിൽ ഏഴു സീറ്റുകളാണ് ഏപ്രിലിൽ ഒഴിവു വരുന്നത്. ശരദ് പവാർ, പ്രിയങ്ക ചതുർവേദി, കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ എന്നിവരുടേതും ഇതിൽപ്പെടും. ജാർഖണ്ഡിലെ ജെഎംഎം നേതാവ് ഷിബു സോറനും ഗുജറാത്തിൽനിന്നുള്ള ശക്തിസിൻഹ് ഗോഹിലും 2026 ജൂണിൽ വിരമിക്കും. ആന്ധ്രപ്രദേശിൽനിന്നു വിരമിക്കുന്നവരുടെ കൂട്ടത്തിൽ സന സതീഷ് ബാബു (ടിഡിപി), വൈഎസ്ആർസിപി നേതാക്കളായ അയോധ്യ രാമി റെഡ്ഡി, പരിമൾ നത്‌വാനി, പില്ലി സുഭാഷ് എന്നിവരുമുണ്ട്.
തെലങ്കാനയിൽനിന്നുള്ള മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും ഏപ്രിലിൽ വിരമിക്കും. ബിഹാറിൽനിന്നുള്ള രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, ആർജെഡി നേതാക്കളായ എ.ഡി. സിങ്, പ്രേം ചന്ദ്ര ഗുപ്ത, മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ്‌വാഹ എന്നിവരും ഉൾപ്പെടുന്നു. ബംഗാളിൽനിന്ന് സാകേത് ഗോഖലെ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് വിരമിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ലോക്സഭാ മുൻ ഡപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ, തിരുച്ചി സിവ ഉൾപ്പടെയുള്ള ആറുപേരും വിരമിക്കുന്നു. രാഷ്ട്രപതിയുടെ നാമനിർദേശത്തിലെത്തിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും മാർച്ചിൽ വിരമിക്കും. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പുർ, മിസോറം സംസ്ഥാനങ്ങളിൽനിന്നാണ് മറ്റുള്ളവർ വിരമിക്കുക. നിലവിൽ രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന് 129 സീറ്റുകളും പ്രതിപക്ഷത്തിന് 78 സീറ്റുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.