ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അൽ ഐനിൽ ഇന്ന് ഉച്ചതിരിഞ്ഞ് കനത്ത മഴ ലഭിച്ചു.
ശക്തമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ടാണ് പലയിടത്തും മഴയെത്തിയത്. നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അൽ ഐനിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. രാത്രി 9 വരെ ഇടവിട്ടുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഐനിലും ഖത്ം അൽ ശിഖ് ലയിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ പെയ്തു.നിലവിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ അധികൃതർ താഴ്വരകളിലേക്ക് പോകുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത കുറയ്ക്കാനും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാനും നിർദേശിച്ചു.
അൽ ഐനിലും സമീപ പ്രദേശങ്ങളിലും കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. തിങ്കളാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഉപരിതലത്തിലെ ന്യൂനമർദം, തെക്കും വടക്കുമുള്ള ഉയർന്ന തലത്തിലെ ന്യൂനമർദ സംവിധാനങ്ങൾ, ഉയർന്ന തലങ്ങളിലെ താരതമ്യേന തണുത്ത വായു എന്നിവയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളം താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ഐനിലെ സ്വൈഹാനിൽ ഉച്ചയ്ക്ക് 2.45-ന് 49.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഏറ്റവും കുറഞ്ഞ താപനില രാവിലെ 24.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജ്യത്തുടനീളം ഈർപ്പവും കൂടുതലാണ്. ഉൾപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രത 80 മുതൽ 85 ശതമാനം വരെയും തീരപ്രദേശങ്ങളിൽ 90 ശതമാനത്തിന് മുകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.