തിരുവനന്തപുരം: സ്കൂള്‍ തുറക്കലിനു മുന്‍പ് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ചയില്‍ എടുത്ത ഒരു തീരുമാനം കൂടി ഇന്ന് കടമ്മനിട്ടയില്‍ പൊളിഞ്ഞുവീണു.
വിദ്യാഭ്യാസമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മേയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം കടലാസില്‍ മാത്രമൊതുങ്ങിയെന്നാണ് പത്തനംതിട്ട കടമ്മനിട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നു വീണതോടെ വെളിപ്പെട്ടിരിക്കുന്നത്. സ്കൂളിന്റെ സുരക്ഷ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നല്കിയ നിര്‍ദേശം പാലിക്കുന്നതില്‍ പറ്റിയ വീഴ്ച കൊല്ലം തേവലക്കരയില്‍ ഒരു കുട്ടിയുടെ ജീവനെടുത്തതിനു പിന്നാലെയാണ് മന്ത്രിതല ചര്‍ച്ചയിലെ മറ്റൊരു തീരുമാനം കൂടി നടപ്പാകാതെ പാളുന്നത്. കടമ്മനിട്ടയില്‍ രണ്ടു വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പഴയ കെട്ടിടമാണ് രാത്രി കനത്ത മഴയില്‍ പൊളിഞ്ഞുവീണത്.സംസ്ഥാനത്തെ സ്കൂള്‍ കോംപൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കുമെന്ന് മേയ് 17ന് ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചിരുന്നു. തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെയും വിദ്യാഭ്യാസ് മന്ത്രി വി.ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഈ തീരുമാനവും കടലാസില്‍ ഒതുങ്ങുകയാണ്.
സംസ്ഥാനത്തെ പല സ്കൂളുകളുടെയും വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാതെ അപകടകരമായി സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ ചെലവ് ആരും വഹിക്കും എന്നതിലെ ആശയക്കുഴപ്പവുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ നിർമിച്ച സ്കൂളുകളില്‍ പോലും, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ദുരന്തനിവാരണ നിയമപ്രകാരം അതത് ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്യുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചിരുന്നത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ അധികൃതര്‍ അപേക്ഷ നല്കി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച് എസ്റ്റിമേറ്റ് എടുത്ത് കരാറുകാരെ ഏല്‍പ്പിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതാണ് പ്രതിസന്ധി.
അതേസമയം, ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ നിയമപ്രകാരം പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ പെട്ടെന്ന് ഉത്തരവ് നല്‍കാവുന്നതാണ്. എന്നാല്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാകുന്നില്ല. സംസ്ഥാനത്ത് എത്ര പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടെന്ന് പരിശോധിച്ച് കണ്ടെത്തി ഏകീകൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉള്‍പ്പെടെ സ്കൂള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് വളര്ന്നുനില്ക്കുന്ന വൃക്ഷശാഖകള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചിരുന്നു. സ്കൂള്‍ പരിസരത്ത് അപകടകരമായി നില്ക്കുന്ന മരങ്ങളും മുറിച്ചുമാറ്റാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പലയിടത്തും ഇതും നടപ്പായിട്ടില്ല.
ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചു വേണം സ്കൂളുകള്‍ക്കു തദ്ദേശസ്ഥാപനങ്ങള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യയനം മുടങ്ങാനും മറ്റും സാധ്യതയുള്ളതിനാല്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കെട്ടിടനിര്‍മാണച്ചട്ടങ്ങളും കേരള എഡ്യൂക്കേഷന്‍ റൂള്‍സ് (കെഇആര്‍) പ്രകാരവുമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി നിഷ്കര്‍ഷിച്ചാല്‍ സംസ്ഥാനത്ത് പല സ്കൂളുകളും അടച്ചു പൂട്ടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ മൂലം പലപ്പോഴും കണ്ണടയ്ക്കേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തേവലക്കര സ്കൂളിന് വൈദ്യുതലൈന്‍ പോകുന്നത് അവഗണിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകള്‍ക്ക് പ്രൊവിഷണല്‍ ഫിറ്റ്നസ് നല്കി അധ്യയനത്തിന് അവസരമൊരുക്കാനാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ ജീവനു ഭീഷണിയുള്ള ഘടകങ്ങള്‍ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാല്‍ (ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്ളോറിങ്ങിലെ ചെറിയ പ്രശ്നങ്ങള്‍, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകള്‍, ഫാള്‍സ് സീലിങ് ഇല്ലാത്തത് തുടങ്ങിയവ) ഫിറ്റ്നസ് ലഭിക്കാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഈ അധ്യയന വര്‍ഷത്തേക്ക് അനുവാദം നല്‍കാനായിരുന്നു തീരുമാനം. കഴിഞ്ഞ വര്‍ഷം നിബന്ധനകള്‍ക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും പിന്നീട് ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകള്‍ക്ക് ഫിറ്റ്നസ് നല്കുന്ന കാര്യം പരിഗണിക്കേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.