കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം നേരിട്ട പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന വീണ്ടും സമരരംഗത്ത്. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലാണ് ‘വൈകുന്ന നീതി അനീതിയാണ്’ എന്ന മുദ്രാവാക്യവുമായി ഹർഷിനയ്ക്കായി സമരസമിതി സത്യാഗ്രഹസമരം തുടങ്ങിയത്.
സമരം മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോടതിയിലും സർക്കാർ തന്നെ അവഗണിക്കുകയാണെന്ന് ഹർഷിന പറഞ്ഞു.
‘മൂന്നു വർഷം മുൻപാണ് ശസ്ത്രക്രിയ നടത്തി കത്രിക വയറ്റിൽ നിന്നെടുത്തത്. സർക്കാരും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ എല്ലാവരും ഒപ്പമുണ്ടെന്നു പറഞ്ഞെങ്കിലും ഇതുവരെയും നീതി നടപ്പാക്കിയിട്ടില്ല. റിപ്പോർട്ട് വരട്ടെ, നടപടിയെടുക്കാമെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയെ പിന്നീട് കണ്ടിട്ടില്ല. ആരോഗ്യ രംഗത്തു മുന്നേറ്റം പറയുമ്പോഴും ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ മൗനം തുടരുകയാണ്. പൊലീസ് ആത്മാർഥതയോടെ കേസിൽ ഇടപെട്ട് കുറ്റപത്രം സമർപ്പിച്ചിട്ടുപോലും നീതി നടപ്പാക്കാത്തതാണ് സമരസമിതിയെ വീണ്ടും രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം തുടരും. കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.’’ – ഹർഷിന പറഞ്ഞു.
ഹർഷിന ഉന്നയിക്കുന്ന കാര്യം ന്യായമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മനുഷ്യത്വപരമായ നടപടി സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക 2022 സെപ്റ്റംബർ 17 ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് കേസിൽ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ.സുദർശനന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. 3 പ്രസവ ശസ്ത്രക്രിയ നടത്തിയ ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപകരണം മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതും തുടർ നടപടികളുമായി മുന്നോട്ടു പോയതും. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് കേസിൽ ചുമത്തിയത്.
കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്യുകയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഡോ.സി.കെ.രമേശൻ, ഡോ.എം.ഹഷ്നി എന്നിവരുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ. പ്രോസിക്യൂഷൻ മൗനം പാലിച്ചത് സർക്കാർ നിലപാട് കാരണമാണെന്നും ഇത്തരത്തിൽ സർക്കാർ ഹൈക്കോടതിയിൽ കേസ് അട്ടിമറിക്കാനുളള നീക്കമാണ് നടത്തിയതെന്നുമാണ് സമരസമിതിയുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.