കൊച്ചി: മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി കീര്‍ത്തന സരിനടക്കം ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്നേഹികളോടുള്ള കോടതിയുടെ പരാമര്‍ശം.
മൃഗങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പക്ഷെ, അതിനുമേലാണ് മനുഷ്യന്റെ അവകാശം. മൃഗസ്നേഹികള്‍ തയ്യാറാണെങ്കില്‍ നായക്കളെ പിടിച്ചുനല്കാന് നിര്‍ദ്ദേശം നല്‍കാം. നിങ്ങള്‍ അസോസിയേഷന് രൂപീകരിക്കൂ..-കോടതി പറഞ്ഞു. മനുഷ്യന് റോഡിലൂടെ നടക്കണം. എവിടെ വേണമെങ്കിലും കൊണ്ടുപോയ്ക്കോള്ളു. പണം നല്കാന് മൃഗസ്നേഹികള്‍ തയ്യാറാണ്. പക്ഷെ, എവിടേയ്ക്ക് കൊണ്ടുപോകും? നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോ...എനിക്കറിയാം വേദന...-കോടതി പറഞ്ഞു.
തെരുവനായക്കളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ എന്നും കോടതി പറഞ്ഞു. ചില്ലു കൊട്ടാരത്തിലിരുന്നു പലതും പറയാം. നടപ്പാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗ്ഗം എന്തെന്ന് സര്‍ക്കാര്‍ അടക്കം എല്ലാവരും പറയണം. വന്യജിവി ആക്രമണത്തെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതുപോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
കണ്ണൂരില്‍ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു. ദയാവധമൊന്നും പരിഹാരമല്ല. ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക. മൃഗസ്നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം,നോക്കിക്കോളു. മനുഷ്യനാണ് മൃഗങ്ങളെക്കാള്‍ അവകാശം- ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.
തെരുവുനായ ആക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നല്‍കാനുള്ള തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
മനുഷ്യന് മൃഗങ്ങളെ കടിച്ചാല്‍ മാത്രമല്ല മൃഗങ്ങള്‍ മനുഷ്യനെ കടിച്ചാലും കേസെടുക്കണം. തെരുവുനായക്കള്‍ മുനുഷ്യനെ കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ഉത്തരവാദിയാകും. തെരുവുനായ കടിച്ചാല്‍ എഫ്ഐആര്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ക്കാനും നിര്‍ദ്ദേശിച്ചു.
ആറുമാസത്തിനകം ഏകദേശം ഒരു ലക്ഷത്തോളം പേരെയെങ്കിലും തെരുവനായ്കള്‍ കടിച്ചിട്ടുണ്ടെന്നും 16 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് 50 ലക്ഷം തെരുവുനായ്കളെങ്കിലും ഉണ്ടാകും. സര്‍ക്കാര്‍ ഇത് നിഷേധിച്ചു. രണ്ട് മുതല്‍ മൂന്ന് ലക്ഷം തെരുവുനായ്കളെ സംസ്ഥാനത്തുള്ളുവെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം.ചെറിയാന് വിശദീകരിച്ചു. ഈ കണക്ക് ശരിയാണെന്ന് കരുതുന്നില്ല- കോടതി പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ തെരുവുനായ്കള്‍ എത്രപേരെ കടിച്ചു, എത്ര പേര് മരിച്ചു, സംസ്ഥാനത്ത് എത്ര തെരുവുനായ്കളുണ്ട്, നായക്കള്‍ക്കായി എത്ര ഷെല്‍ട്ടര്‍ റൂമുകള്‍ നിര്‍മ്മിച്ചു എന്നീ വീവരങ്ങള്‍ പത്ത് ദിവസത്തിനകം അറിയിക്കാനും നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാരം തേടി സിരിജഗന് കമ്മിറ്റിയ്ക്ക് നല്കിയ അപേക്ഷകളില്‍ 7000 എണ്ണത്തില്‍ ഇനിയും തീരുമാനമെടുക്കാനുണ്ട്. 1000 പരാതികളിലാണ് തീരുമാനമെടുത്തത്. സിരിജഗന് കമ്മിറ്റിയ്ക്ക് പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജില്ല തല കമ്മിറ്റിയില്‍ ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി, ജില്ല മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍. സിരിജഗന് കമ്മിറ്റി സ്വീകരിച്ച അതേ മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഈ കമ്മിറ്റി തീരുമാനമെടുക്കട്ടെ. താലൂക്ക് ലീഗലര്‍ സര്‍വ്വീസ് അതോറിറ്റിയ്ക്കും പരാതി നല്‍കാം.
തെരുവുനായ കടിച്ച് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയ തിങ്കളാഴ്ച കേസെടുത്തതും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഓഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.