പട്‌ന: സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന ബിഹാർ സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. വേനൽക്കാലത്ത് മിക്ക കർഷകർക്കും പണിയില്ലാത്തതിനാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നതെന്നാണ് ബിഹാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(എഡ്ജിപി- ഹെഡ്ക്വാർട്ടേഴ്‌സ്) കുന്ദൻ കൃഷ്ണൻ പറഞ്ഞത്.
ബിഹാറിൽ വ്യവസായികൾ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, അധ്യാപകർ, സാധാരണക്കാർ എന്നിവരെ ലക്ഷ്യംവെച്ചു തുടർച്ചയായ അതിക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതിനിടെയാണ് കുന്ദന്റെ പ്രസ്താവന.
അനധികൃത തോക്കുകളും വെടിക്കോപ്പുകളും വ്യാപകമായി കിട്ടുന്നതാണ് കുറ്റകൃത്യം വർധിക്കാൻ കാരണം. മുൻ ഷൂട്ടർമാരുടെയും വാടകക്കൊലയാളികളുടെയും വിവരങ്ങൾ ശേഖരിക്കാനും അവരെ നിരീക്ഷിക്കാനുമായി പുതിയ സെൽ രൂപീകരിച്ചിട്ടുണ്ട്.' കുന്ദൻ കൃഷ്ണൻ വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞു.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (SCRB) പുതിയ കണക്കുകൾ പ്രകാരം, ജനുവരിക്കും ജൂണിനും ഇടയിൽ പ്രതിമാസം ശരാശരി 229 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. ഈ കാലയളവിൽ 1,376 കൊലപാതകങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. 2024-ൽ 2,786 2023-ൽ 2,863 കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നതായി രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 10 ദിവസത്തിനകം വ്യവസായി ഗോപാൽ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കുമാർ എന്നിവരുടേതടക്കം ഒട്ടേറെ കൊലപാതകങ്ങൾ സംഭവിച്ചു. പടന് മെഡിക്കൽ കോളേജിൽ ഒരു സംഘം വെടിവെപ്പ് നടത്തിയത് വ്യാഴാഴ്ച്ചയായിരുന്നു. അതേസമയം, എഡിജപിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻപ്രതികരണമാണ് ഉണ്ടാക്കിയത്. മിക്കവാറും എല്ലാവരും പോലീസ് ഉദ്യോഗസ്ഥന്റെ വാദം തള്ളിക്കളഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.