ന്യൂഡൽഹി : പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യൻ സൈന്യം. പതിനാറു മാസത്തെ കാത്തിരിപ്പിനൊടുവിൽ എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമായി. ബോയിങ് കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായുള്ള ആദ്യ മൂന്നു ഹെലികോപ്റ്ററുകളാണ് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചത്. പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലേക്കാണ് യുഎസ് സൈനിക കാർഗോ വിമാനത്തിൽ ഹെലികോപ്റ്ററുകൾ എത്തിച്ചത്. ആറ് എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായാണ് ഇന്ത്യ ബോയിങുമായി കരാർ ഒപ്പിട്ടത്. 2020ൽ 4100 കോടി രൂപയ്ക്കാണ് ഇന്ത്യ 6 ഹെലികോപ്ടറുകൾക്ക് ഓർഡർ നൽകിയത്. ബാക്കി മൂന്ന് ഹെലികോപ്ടറുകൾ ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.2023 ഓഗസ്റ്റിലാണ് യുഎസിലെ അരിസോണയിലെ മേസ കേന്ദ്രത്തിൽ ഇന്ത്യൻ സൈന്യത്തിനായി ബോയിങ് കമ്പനി അപ്പാച്ചെ ഹെലികോപ്ടറുകളുടെ നിർമാണം ആരംഭിച്ചത്. 2020ൽ, ഇന്ത്യൻ വ്യോമസേനയ്ക്ക് 22 ആർ- മോഡൽ അപ്പാച്ചെ ഹെലികോപ്ടറുകൾ ബോയിങ് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആറ് എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കുള്ള ഓർഡർ കൂടി നൽകിയത്. പുതിയതായി എത്തിയ എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ പാക്ക് അതിർത്തിയിൽ വിന്യസിക്കാനാണ് നീക്കം. നിലവിലുള്ള വ്യോമസേനയുടെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് പുറമെയാണ്, സൈന്യത്തിന്റെ എഎച്ച് – 64 ഇ ഹെലികോപ്ടറുകൾ കൂടി മേഖലയിൽ വിന്യസിക്കുന്നത്. ഇതോടെ പാക്ക് അതിർത്തിയിൽ സൈന്യത്തിന്റെ കരുത്ത് ഇരട്ടിയാകും.
ലോകത്തിലെ ഏറ്റവും നൂതനവും കഴിവുതെളിയിച്ചതുമായ ആക്രമണ ഹെലികോപ്റ്റർ എന്നാണ് ബോയിങ് കമ്പനി തന്നെ എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിശേഷിപ്പിക്കുന്നത്. എഎച്ച് – 64 ഇ ഹെലികോപ്റ്ററുകൾ യുഎസ് സൈന്യത്തിന്റെ നട്ടെല്ലാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 2800 അടിയിൽ കൂടുതൽ ഉയരത്തിൽ പറക്കാൻ എഎച്ച് – 64 ഇ ഹെലികോപ്റ്ററുകൾക്ക് കഴിയും. യുഎസ് സൈന്യത്തിനും മറ്റു രാജ്യങ്ങൾക്കുമായി 2700-ലധികം എഎച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇതുവരെ ബോയിങ് നിർമിച്ചിട്ടുണ്ട്. യുഎസിനും ഇന്ത്യയ്ക്കും പുറമെ, ഈജിപ്ത്, ഗ്രീസ്, ഇന്തൊനീഷ്യ, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണ കൊറിയ, കുവൈത്ത്, നെതർലൻഡ്‌സ്, ഖത്തർ, സൗദി അറേബ്യ, സിംഗപ്പുർ, യുഎഇ, യുകെ എന്നീ രാജ്യങ്ങള്‍ക്കും എഎച്ച് – 64 ഇ ഹെലികോപ്റ്ററുകൾ സ്വന്തമായുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.