ഇരിങ്ങാലക്കുട (തൃശൂർ) ∙ കാട്ടൂരിൽ രണ്ടു യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ച് പേർ പിടിയിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിന്റു എന്ന പ്രജിൽ (38), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26), എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30), എടക്കാട്ടുപറമ്പിൽ ദിനക്ക് (22) എന്നിവരെയാണ് തൃശൂർ പൊലീസ് അറസ്റ്റ് ചെയ്ത്. ഗുണ്ടൽപേട്ടു ശിവപുരയിലെ ഫാമിൽ അഞ്ചു ദിവസമായി ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു.
പുലിയടക്കമുള്ള വന്യമൃഗങ്ങൾ ഉള്ള സ്ഥലത്തായിരുന്നു ഒളിസങ്കേതം. ഇവയുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ വൈദ്യുതി വേലിയും നായ്ക്കളും ഉള്ള പ്രദേശമാണിത്. കനത്ത മഴയെ അവഗണിച്ച് മുൾചെടികൾ നിറഞ്ഞ കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നാണ് പൊലീസ് സംഘം പ്രതികൾ താമസിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് എത്തിയത്. ഫാമിലേക്ക് നേരിട്ടെത്തുന്ന വഴിയിലൂടെ വന്നാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നു. ദൂരേ നിന്ന് അപരിചിതരെ കണ്ടാൽ ഓടി ഒളിക്കാൻ കുറ്റിക്കാടുകൾ നിരവധിയുള്ള സ്ഥലമാണ്. അതുകൊണ്ട് ഫാമിന്റെ പിന്നിലുള്ള മറ്റൊരു ഫാമിന് ഉള്ളിലൂടെ കടന്നാണ് ഇവിടെ എത്തിയത്. ഒരിക്കലും പൊലീസ് ഇവിടേക്ക് അന്വേഷിച്ചെത്തില്ലെന്നാണ് കരുതിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
ജൂലൈ 13നാണ് കാട്ടൂർ പെഞ്ഞനം എസ്എൻഡിപി പള്ളിവേട്ട നഗറിൽ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ് (26), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും യാസിനും സാരമായി പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.