തിരുവനന്തപുരം: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയിലെ തൊഴിലാളികളുടെ സംഘടനയായ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്റെ തുടക്കം മുതലുള്ള പ്രസിഡന്റുമായിരുന്നു.
വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താൻറേയും സുമതിയമ്മയുടേയും മകനായി 1949ലായിരുന്നു ജനനം.
ജയപ്രകാശ് നാരായണൻ, രാംമനോഹർ ലോഹ്യ, മഹാത്മാഗാന്ധി എന്നിവരുടെ ദർശനങ്ങളിൽ ആകൃഷ്ടനായി പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം. വിദ്യാഭ്യാസകാലത്ത് ഐഎസ്ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ തിരു: ജില്ലാ ജോയിൻ്റ് സെക്രട്ടറിയായിരിക്കെ മാത്യഭൂമി മുൻ മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിൻ്റെ നിലപാടുകളും പ്രവർത്തനങ്ങളും ചാരുപാറ രവിയിൽ സ്വാധീനം ചെലുത്തി. 50 വർഷക്കാലം എം.പി. വീരേന്ദ്രകുമാറിനോടൊപ്പം പ്രവർത്തിച്ചു.
തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. മിനിമം വേതനം ആവശ്യപ്പെട്ട് വിവിധ എസ്റ്റേറ്റുകളിൽ എച്ച്എംഎസ് തൊഴിലാളികൾ നടത്തിയ ദീർഘകാലം സമരത്തെ എതിർപ്പുകൾക്കിടയിലും നയിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പോലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. നാലു മാസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
1980-ൽ ജനതാ പാർട്ടി സ്ഥാനാർഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡ ലത്തിൽ നിന്നും 2009-ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990-ൽ റബ്ബർ ബോർഡ് വൈസ് ചെയർമാനായി. 1996-ൽ കെഎസ്ആർടിസി ഡയറക്‌ടർ ബോർഡംഗം, 1999-ൽ ദേവസ്വം ബോർഡംഗം, 2012 മുതൽ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർ ത്തിച്ചു. ചായം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, 6 വർഷം കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തി ച്ചു. എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജയപ്രകാശ് കൾച്ചറൽ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.