കൊച്ചി : ഡാർക്ക്നെറ്റിലൂടെ, കേരളം കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തുന്നതില്‍ മൂവാറ്റുപുഴ സ്വദേശി എഡിസന് (35) പങ്കുണ്ടെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത് ഒന്നര മാസം മുൻപ്. വ്യക്തമായ തെളിവോടെ എഡിസണെ പിടികൂടുക എയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ജൂൺ 28ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസിൽ എത്തിയ 3 പാഴ്സലുകള്‍ അതിലേക്കുള്ള വഴി തുറന്നു. 280 എൽഎസ്ഡി സ്റ്റാംപുകൾ അടങ്ങിയ ആ പാഴ്സലുകൾ എത്തിയത് എഡിസന്റെ പേരിലായിരുന്നു. പിറ്റേന്ന് ഞായറാഴ്ച മൂവാറ്റുപുഴയിലെ എഡിസന്റെ വീട്ടിലെത്തിയ എൻസിബി സംഘം ഒരു കാര്യം അറിയാനുണ്ടെന്നു പറഞ്ഞാണ് അയാളെ വീടിനു പുറത്തേക്കു വിളിച്ചത്.
വീട്ടിൽനിന്ന് ഇറങ്ങിവന്ന എഡിസനോട് മറ്റു ചില കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയ ഉദ്യോഗസ്ഥർ പെട്ടെന്നു വിഷയം മാറ്റി. ‘‘ഇതൊന്നുമല്ല, ഞങ്ങൾക്ക് അറിയേണ്ടത് ‘കെറ്റാമെലോണി’നെക്കുറിച്ചാണ്. ഇതു കേട്ട എഡിസൻ ഞെട്ടി ഇരുന്നുപോയി. ആ പേരിലാണ് അയാൾ ഡാർക്ക്നെറ്റിൽ ലഹരി ഇടപാട് നടത്തിയിരുന്നത്. അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന അയാൾക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു’’. ‘ഓപ്പറേഷൻ മെലോണി’നെക്കുറിച്ചുള്ള എൻസിബി വൃത്തങ്ങളുടെ വെളിപ്പെടുത്തലിൽ തെളിയുന്നത് കേരളത്തിൽ വേരുറപ്പിച്ച് രാജ്യം മുഴുവൻ പടരാനൊരുങ്ങിയ ഒരു പടർത്തിയ ലഹരിശൃംഖലയുടെ ചിത്രമാണ്. എഡിസനൊപ്പം മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെയും എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ രണ്ടു വർഷമായി ഡാർക്ക്നെറ്റ് മാർക്കറ്റുകളിൽ സജീവമായ എഡിസൻ അതിനും നാലു വർഷം മുൻപെങ്കിലും ലഹരിയിടപാടുകൾ തുടങ്ങിയിരുന്നെന്ന് എൻസിബി വൃത്തങ്ങൾ പറയുന്നു. എറണാകുളം ജില്ലയിലെ എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ ജോലി ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലായിരുന്നു ജോലി. അക്കാലത്താണ് ലഹരി ഇടപാടുകൾ തുടങ്ങിയത്. തുടക്കത്തിൽ, ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതിൽ നേരിട്ടു വിൽപനയായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി ആലുവയിൽ ഒരു റസ്റ്ററന്റ് തുറന്നു. എന്നാൽ കോവിഡ് സമയത്ത് അത് അടച്ചു. പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരിയിടപാടു തുടങ്ങിയത്. എഡിസന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്. ഇവർക്കാർക്കും ഇയാളുടെ ഇടപാടുകളെപ്പറ്റി അറിയില്ലായിരുന്നെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.‘‘കുറെക്കാലമായി എഡിസൺ ഞങ്ങളുടെ നിരീക്ഷണത്തിലുണ്ട്. പക്ഷേ നാട്ടുകാരടക്കം ആരും ഒരിക്കൽ പോലും അയാളെക്കുറിച്ചു മോശമായി സംസാരിച്ചിട്ടില്ല. ശാന്തനും സൗമ്യനുമായി സംസാരിക്കുന്ന, പാവത്താനെപ്പോലെ ഒരാൾ. പൊതുവേ അന്തർമുഖനും വീട്ടിലേക്ക് ഒതുങ്ങിക്കൂടുന്നയാളും എന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാൽ വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത് ഈ ഇടപാടിനായിരുന്നു എന്നു മാത്രം’’– എൻസിബി വൃത്തങ്ങൾ പറഞ്ഞു.
രണ്ടു വർഷമായി, ഡാർക്ക്നെറ്റ് വഴി വൻതോതിൽ ലഹരിമരുന്ന് എത്തിക്കുകയും അതു വീട് കേന്ദ്രീകരിച്ച് വിൽക്കുകയുമായിരുന്നു ഇയാളെന്നാണ് എൻസിബി പറയുന്നത്. കേരളത്തിൽ ശരാശരി ഒരു വർഷം പിടികൂടുന്നത് ഏകദേശം 1000 എൽഎസ്ഡി സ്റ്റാംപുകളാണ്. എന്നാൽ എഡിസൺ ഒറ്റ ഇടപാടിൽത്തന്നെ 1000ത്തിലേറെ സ്റ്റാംപുകൾ എത്തിക്കാറുണ്ടായിരുന്നു. തപാലും കുറിയറും വഴി സ്വന്തം പേരിലല്ലാതെ ലഹരിമരുന്ന് എത്തിച്ചിരുന്നു. അതു കൊണ്ടുവരുന്നവരെ ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥലത്തുവച്ച് പാഴ്സൽ വാങ്ങുകയായിരുന്നു പതിവ്. ഇങ്ങനെ എഡിസന്റെ പ്രവർത്തനം ഏറെക്കുറെ തനിച്ചായിരുന്നു എന്നാണ് വിവരം.ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളായിരുന്നു ഡാർക്ക്‌വെബിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോൾ വിവരങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസമുള്ള മൊണേറോ പോലുള്ള ക്രിപ്റ്റോകളാണ് ഉപയോഗിക്കുന്നതെന്ന് എൻസിബി ഉദ്യോഗസ്ഥര്‍ പറയുന്നു. വർഷങ്ങളോളം ശ്രമിച്ചാണ് എഡിസന്റെ നെറ്റ്‍വർക്കിലേക്കു നുഴഞ്ഞുകയറാൻ എൻസിബിക്കു കഴിഞ്ഞത്. വീട്ടിലെത്തിയ എൻസിബി ഉദ്യോഗസ്ഥരോട് എഡിസൺ എല്ലാം സമ്മതിച്ചെന്നും ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
വീട് റെയ്ഡ് ചെയ്തപ്പോൾ 847 എൽഎസ്‍ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്റ്റോകറൻസിയും പിടികൂടി. പുറംലോകത്തിന് അജ്ഞമെങ്കിലും ലഹരി ഇടപാടിൽ ഡാർക്ക്നെറ്റിൽ രാജ്യത്തെ തന്നെ മുൻനിരക്കാരനായിരുന്നു ‘ലെവൽ 4’ൽ എത്തിയ എഡിസൺ. ലോകത്തിലെ ഏറ്റവും വലിയ എൽഎസ്ഡി ഇടപാടുകാരായ ഡോ.സീയൂസുമായി ബന്ധമുള്ള യുകെയിലെ ഇടനില സംഘം ഗുംഗ ഡിൻ ആയിരുന്നു എഡിസണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഇവർ യുകെയിൽ നിന്നു തന്നെ പ്രവർത്തിക്കണമെന്നില്ലെന്നും ലോകത്ത് എവിടെ നിന്നും ഇതയച്ചിരിക്കാം എന്നുമാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.