തിരുവമ്പാടി: മതിയായ അന്വേഷണംനടത്താതെയും ലാഘവത്തോടെയും പൊതുപ്രവർത്തകനെ സ്ത്രീപീഡനക്കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരംനൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. തിരുവമ്പാടി പ്രിൻസിപ്പൽ എസ്‌ഐ ഇ.കെ. രമ്യക്കെതിരേ വകുപ്പുതലനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നാട്ടൊരുമ പൗരാവകാശസമിതിയുടെ എക്സിക്യുട്ടീവ് മെമ്പറായ തിരുവമ്പാടി ആനടിയിൽ സെയ്തലവിയുടെ പരാതിയിലാണ് നടപടി.
നഷ്ടപരിഹാരത്തുക സർക്കാർ രണ്ടുമാസത്തിനുള്ളിൽ നൽകിയശേഷം എസ്‌ഐയുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശംനൽകി. സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന പോലീസ് മേധാവി കമ്മിഷനെ അറിയിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ എസ്‌ഐയുടെപേരിൽ കർശനനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.വനംവകുപ്പ് ഉന്നതോദ്യോഗസ്ഥന്റെ പേരിൽ ഹൈക്കോടതിയിൽ പരാതിനൽകിയതിന്റെ വൈരാഗ്യത്തിലാണ് എസ്‌ഐ തന്റെപേരിൽ വ്യാജകേസ് രജിസ്റ്റർചെയ്തതെന്നാണ് സെയ്തലവിയുടെ പരാതി. കമ്മിഷനിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ ഇക്കാര്യത്തിൽ അന്വേഷണംനടത്തി. പരാതിക്കാരൻ ആരോപിക്കുന്നതരത്തിൽ മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കേസിൽ പങ്കില്ലെന്നുകണ്ടെത്തി. അതേസമയം, മതിയായ അന്വേഷണംനടത്താതെയാണ് സ്ത്രീപീഡനക്കേസ് എടുത്തതെന്നും കണ്ടെത്തി.പരാതിക്കാരനും പ്രദേശവാസിയായ ഒരു സ്ത്രീയും അവരുടെ ബന്ധുക്കളുംതമ്മിൽ താഴെ തിരുവമ്പാടി തിയ്യരുതട്ടേക്കാട് ജുമാഅത്ത് പള്ളിയുടെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള സിവിൽതർക്കമാണ് സ്ത്രീപീഡനക്കേസിന് പിന്നിലെന്ന് അന്വേഷണവിഭാഗം കണ്ടെത്തി. 2023 ജനുവരി 24-ന് രാവിലെ പരാതിക്കാരനും ഈ സ്ത്രീയുടെ ഭർത്തൃസഹോദരനും തമ്മിൽ വാക്തർക്കമുണ്ടായി. അന്നുതന്നെ പരാതിക്കാരൻ തന്നെ ആക്രമിക്കാൻശ്രമിച്ചെന്നാരോപിച്ച് സ്ത്രീ തിരുവമ്പാടി സ്റ്റേഷനിൽ പരാതിനൽകി. ഇതിന്റെയടിസ്ഥാനത്തിൽ എസ്‌ഐ പരാതിക്കാരനെ പ്രതിയാക്കി സെക്‌ഷൻ 354 ഐപിസി പ്രകാരം കേസെടുത്തു. തുടർന്നുനടത്തിയ അന്വേഷണത്തിൽ അക്രമംനടന്നതായുള്ള പരാതി വ്യാജമാണെന്നുകണ്ടെത്തി.
സ്ത്രീയുടെ മൊഴിക്കനുകൂലമായി അവരുടെ ബന്ധുക്കളുടെയും മരുമക്കളുടെയും മൊഴിമാത്രം രേഖപ്പെടുത്തി വേണ്ടത്ര അന്വേഷണംനടത്താതെയാണ് പരാതിക്കാരന്റെപേരിൽ കേസെടുത്തതെന്നാണ് അന്വേഷണവിഭാഗം കണ്ടെത്തിയത്. പരാതിക്കാരന് കോടതിയിൽനിന്ന് മുൻകൂർജാമ്യമെടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് പരാതിക്കാരന് മാനഹാനിയും ധനനഷ്ടവുമുണ്ടാക്കിയതായും അന്വേഷണവിഭാഗം കണ്ടെത്തി.
തന്റെഭാഗത്തുനിന്ന് മനഃപൂർവമുള്ള വീഴ്ചസംഭവിച്ചിട്ടില്ലെന്ന് എസ്‌ഐ കമ്മിഷനെ അറിയിച്ചു. എന്നാൽ പൗരന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പോലീസ്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.