മുംബൈ : വിഷാദരോഗിയായ മലയാളി ടെക്കി നവി മുംബൈയിലെ ഫ്ലാറ്റിൽ പുറംലോകവുമായി അടുപ്പമില്ലാതെ തനിച്ചു കഴിഞ്ഞത് മൂന്നു വർഷത്തോളം.
55 വയസ്സുകാരൻ അനൂപ് കുമാർ നായർ എന്നയാളെ സന്നദ്ധ സംഘടനയായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) പ്രവർത്തകരെത്തി ഫ്ലാറ്റിൽനിന്ന് അവരുടെ പൻവേലിലെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.
ടാറ്റ ആശുപത്രി ജീവനക്കാരനായിരുന്ന വി.പി. കൃഷ്ണൻ നായരുടെയും വ്യോമസേനയിൽ ജോലി ചെയ്തിരുന്ന പൊന്നമ്മ നായരുടെയും മകനാണ് കംപ്യൂട്ടർ പ്രോഗ്രാമറായിരുന്ന അനൂപ് കുമാർ. ആറുവർഷത്തിനിടെ മാതാപിതാക്കൾ മരിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ 20 വർഷം മുമ്പ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിഷാദത്തിലേക്കു വീണ അനൂപ് കൂട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നും അകന്നുമാറി ഏകാന്ത ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നുവർഷമായി ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങാതായ അനൂപ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതു മാത്രമായിരുന്നു പുറംലോകവുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം.
അനൂപ് കുമാറിന്റെ വീട്ടിൽനിന്നുള്ള ദുർഗന്ധവും വീട്ടിലെ വൃത്തിഹീനമായ അന്തരീക്ഷവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് സീലിനെ വിവരമറിയിക്കുന്നത്. സന്നദ്ധ പ്രവർത്തകരെത്തുമ്പോൾ മാലിന്യങ്ങൾക്കു നടുവിലായാണ് അനൂപിനെ കണ്ടെത്തിയത് കാലിൽ ഗുരുതര അണുബാധയുമുണ്ട്. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ വാതിൽ തള്ളിത്തുറന്നാണ് പ്രവർത്തകർ വീടിനുള്ളിൽ കയറിയത്. അനൂപിനെ ആശ്രമത്തിലെത്തിച്ച ശേഷം സീൽ പ്രവർത്തകർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘എന്റെ അച്ഛനും അമ്മയും പോയി. സഹോദരൻ പോയി. സുഹൃത്തുക്കളാരും ബാക്കിയില്ല. ആരോഗ്യവും നല്ല അവസ്ഥയിലല്ല. അതുകൊണ്ട് പുതിയ തുടക്കത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല’ എന്ന് അനൂപ് പറഞ്ഞതായി ആശ്രമ ജീവനക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.