തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. മാലിന്യസംസ്കരണത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോർപറേഷന്റെ സംവിധാനങ്ങളെക്കുറിച്ചു പഠിക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യാത്ര. തദ്ദേശവകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി.അനുപമ, ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി.ജോസ്, ഡയറക്ടര്‍ ആര്.എസ്.ഗംഗ, അസി.എക്സ്യൂട്ടിവ് എന്‍ജീനിയര്‍മാരായ ആര്.ഷിജു ചന്ദ്രന്, ബിനോദ് എന്നിവരാണ് സംഘത്തിലുള്ളത്.
എന്താണ് ഇന്‍ഡോറില്‍ പഠിക്കാനുള്ളത്?മാലിന്യപ്രശ്നത്തിന്റെ പേരില്‍ കേരളത്തിലെ പല പ്രദേശങ്ങളെപ്പോലെ ചീത്തപ്പേര് കേട്ടിരുന്ന നഗരമാണ് ഇന്‍ഡോറും. ഒടുവില്‍ 2016-17 കാലത്ത് ആ ചീത്തപ്പേര് അവസാനിപ്പിക്കാന്‍ ഇന്‍ഡോര്‍ കോര്പറേഷന് തീരുമാനിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും സന്നദ്ധ സംഘടനകളും സ്വകാര്യ കമ്പനികളുമെല്ലാം ഈ ദൗത്യത്തിനായി ഒരുമിച്ചു നിന്നതും അതു ഫലം കണ്ടതുമാണ് ഇന്‍ഡോറിനെ ശുചിത്വത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റു നഗരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്തിച്ചത്. മാലിന്യം തള്ളിയിരുന്ന ദേവ്ഗുറാഡിയില്‍ 2018ലാണു ബയോമൈനിങ് ചെയ്തു കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി തുടങ്ങിയത്.
പുറംകരാര്‍ നല്കിയാല് ചെലവ് 60-65 കോടി വരുമായിരുന്നു. കമ്പനികളെ ആശ്രയിക്കാതെ ഈ ദൗത്യം കോര്പറേഷന് സ്വന്തം നിലയില്‍ ചെയ്യാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍നിന്നു പുനരുപയോഗിക്കാന്‍ കഴിയുന്നവയെല്ലാം നീക്കം ചെയ്തു. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ റീസൈക്ലിങ് യൂണിറ്റുകളിലേക്ക് അയച്ചു. പുനരുപയോഗ സാധ്യമല്ലാത്തവ സിമന്റ് കമ്പനികളില്‍ കത്തിക്കാനും റോഡ് നിര്‍മാണത്തില്‍ അസംസ്കൃത വസ്തുക്കളുമായി ഉപയോഗിച്ചു. 35 ലക്ഷം ജനസംഖ്യയുള്ള ഇന്‍ഡോര്‍ പ്രതിദിനം 1900 ടണ്‍ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. മാലിന്യശേഖരണത്തിനു പിന്തുണ നല്കാന് മൂന്ന് ഷിഫ്റ്റുകളിലായി 8500 ശുചീകരണ തൊഴിലാളികളെയാണ് കോര്പറേഷന് നിയോഗിച്ചിരിക്കുന്നത്. മാലിന്യം ശേഖരിക്കാനായി കോര്പറേഷന് ജിപിഎസ് സംവിധാനമുള്ള ആയിരത്തോളം വാഹനങ്ങളാണുള്ളത്.
തരംതിരിക്കുന്നു, ആറായി
ഇന്‍ഡോറില്‍ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്നത് ആറായി തരംതിരിച്ച്. അടുക്കള മാലിന്യം, മറ്റു ഖരമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി മാലിന്യം, ഹാനികരമായ മാലിന്യം, ഇ- മാലിന്യം. മാലിന്യം ശേഖരിക്കാന്‍ വരുന്ന വാഹനത്തിനും ആറു ഭാഗങ്ങളുണ്ട്. വാഹനത്തിന്റെ വരവ് അറിയിക്കാന്‍ പ്രത്യേക ഗാനവും. വീടുകളില്‍നിന്ന് ആളുകളെത്തി വാഹനത്തിലേക്കു മാലിന്യമിടും. വീടിനു പുറത്തു ബിന്‍ എടുത്തു വച്ചാല്‍ തൊഴിലാളികള്‍ വന്നെടുക്കും. വീടുകളുടെ വലിപ്പത്തിന് അനുസരിച്ചു ഖരമാലിന്യ ശേഖരണത്തിനായി 90 രൂപ മുതല്‍ 200 രൂപ വരെയാണ് യൂസര്‍ ഫീ. ദേവ്ഗുറാഡിയയില്‍ 4.5 ഏക്കര്‍ സ്ഥലത്ത് ഇന്‍ഡോര്‍ കോര്‍പറേഷനും നേപ്ര വേസ്റ്റ് മാനേജ്മെന്റ് കമ്പനിയും ചേര്‍ന്നു പിപിപി മാതൃകയില്‍ 55 കോടി രൂപ ചെലവില്‍ നടപ്പാക്കിയ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എംആര്‍എഫ്) കേന്ദ്രത്തില്‍ പ്രതിദിനം 300 ടണ്‍ മാലിന്യം സംസ്കരിക്കാം. ഖരമാലിന്യത്തില്‍നിന്നു പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബര്‍ തുടങ്ങി പുനരുപയോഗിക്കാന്‍ കഴിയുന്ന 12 ഇനങ്ങള്‍ വേര്‍തിരിച്ചെടുക്കും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവലായി (ആര്‍ഡിഎഫ്) സിമന്റ് കമ്പനികള്‍ക്കും വൈദ്യുതി പ്ലാന്റുകള്‍ക്കും ചൂളയില്‍ കത്തിക്കാനായി നല്‍കും.
വീടുകളില്‍നിന്നു ശേഖരിച്ച മാലിന്യവുമായി പിന്നീടു ഗാര്‍ബേജ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളിലേക്ക് (ജിടിഎസ്). തരംതിരിച്ച മാലിന്യങ്ങള്‍ അതതു സംസ്കരണ ശാലകളിലേക്ക് അയയ്ക്കുന്നത് ഇവിടെ നിന്നാണ്. വാഹനത്തില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി നാപ്കിന്, ഇ വേസ്റ്റ്, ഹാനികരമായ വസ്തുക്കള്‍ എന്നിവ അതതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നു. നനവില്ലാത്ത ഖരമാലിന്യം അതിന്റെ സ്ഥലത്ത് നിക്ഷേപിക്കും. പിന്നീട് ജൈവമാലിന്യം അതിന്റെ സ്ഥലത്തു നിക്ഷേപിക്കും. ഖരമാലിന്യം മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എംആര്‍എഫ്) കേന്ദ്രത്തില്‍ എത്തിച്ചു വേര്‍തിരിക്കും. ജൈവ മാലിന്യം ബയോഗ്യാസ് പ്ലാന്റുകളിലെത്തിച്ച് പ്രോസസിങ് നടത്തി സിഎന്‍ജി ബസുകള്‍ക്ക് ഇന്ധനമായി ഉപയോഗിക്കുന്നു. ചെറു പാര്‍ക്കുകളില്‍ കംപോസ്റ്റ് പിറ്റ് സജ്ജമാക്കി പ്രദേശത്തെ ഖര ജൈവ മാലിന്യം അവിടെത്തന്നെ വളമാക്കി മാറ്റും. ശുചിമുറി മാലിന്യം സംസ്കരണത്തിനായി 3000 കിലോ മീറ്റര്‍ പൈപ്പ് ശൃംഖലയാണുള്ളത്. പ്രതിദിനം മൊത്തം 412.5 ദശലക്ഷം ലീറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള 10 ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ് ഇന്‍ഡോറിലുള്ളത്. 245 ദശലക്ഷം ലീറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.