കൊച്ചി : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടിസ് നൽകാൻ വനംവകുപ്പ്. തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു വിവരം. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും. തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനിക്കുക.
നേരത്തെ റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരിൽ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം അറസ്റ്റിനെതിരെ രംഗത്തുവരികയും സംസ്ഥാന സർക്കാർ തന്നെ വേടനു പിന്നീട് വേദിയൊരുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.