ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി വെള്ളിയാഴ്ച ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി.
പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങാണ് വെള്ളിയാഴ്ച സഖ്യത്തില്‍ നിന്ന് പിന്മാറിയ കാര്യം വ്യക്തമാക്കിയത്. ആംആദ്മി പാർട്ടി ഇനി ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പാർട്ടി പങ്കെടുക്കുകയുമില്ലെന്നും അദ്ദേഹം അറിയിച്ചു.ആംആദ്മി പാർട്ടി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. INDIA സഖ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കിയ സംവിധാനമാണ്. ഡൽഹിയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഞങ്ങൾ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും ഞങ്ങൾ സ്വാതന്ത്രരായിട്ടാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും ഞങ്ങൾ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ആംആദ്മി പാർട്ടി ഇനി INDIA സഖ്യത്തിന്റെ ഭാഗമല്ല,”- സഞ്ജയ് സിങ് പറഞ്ഞു.
അതേസമയം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി തന്ത്രപരമായ ഐക്യങ്ങൾ തുടരുമെന്ന് എഎപി നേതാവ് വ്യക്തമാക്കി. പാർലമെന്റിലെ കാര്യങ്ങളിൽ TMC, DMK പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും ഞങ്ങളുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ഐക്യസഖ്യത്തെ നയിക്കുന്നതിലുള്ള കോൺഗ്രസിന്റെ പങ്ക് സംബന്ധിച്ച് എഎപി നേതാവ് വിമർശനവും ഉന്നയിച്ചു. ഇന്ത്യ ബ്ലോക്കിനെ വിപുലീകരിക്കാൻ ശ്രമം നടത്താത്തതിലും പരസ്പരമുള്ള വിമർശനങ്ങളിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.
ജൂലൈ 21-ന് ആരംഭിക്കാൻ പോകുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുമ്പായി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനായി INDIA സഖ്യത്തിലെ ഘടക കക്ഷികളുടെ നേതാക്കളുടെ ഓൺലൈൻ യോഗം ശനിയാഴ്ച വൈകിട്ട് ചേരും. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് കക്ഷികൾ ചേർന്ന് ചർച്ച ചെയ്യും. ഏറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് യോഗം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.