കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സ്വർണക്കടത്ത് കേസിൽ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഭവം. വിധി കേട്ടുകഴിഞ്ഞ് ഭാര്യയും ബന്ധുവും ഒരുമിച്ച് തിരുവനന്തപുരത്തെ വസതിയിലേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കവേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ നാല് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് സന്ദീപ്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്കൊപ്പം മുഖ്യ പ്രതികളിലൊരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നേകാൽ വർഷത്തോളം കോഫെപോസ കരുതൽ തടങ്കലിലായിരുന്ന സന്ദീപ് 2021 ഒക്ടോബറിൽ ജയിൽമോചിതനായിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലായ് 11-ന് ബെംഗളൂരുവിൽ നിന്നാണ് എൻഐഎ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൊട്ടുപിന്നാലെ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളും സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഐഎ, കസ്റ്റംസ് കേസുകളിൽ നാലാം പ്രതിയും ഇ.ഡി.കേസിൽ മൂന്നാം പ്രതിയുമാണ് സന്ദീപ് നായർ.ജാമ്യത്തിനായി കേസുകൾ കോടതിയിൽ എത്തിയപ്പോൾ സന്ദീപിനായി ഹാജരാകാൻ അഭിഭാഷകനില്ലായിരുന്നു. ഇതേത്തുടർന്ന് സന്ദീപിനായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) അഡ്വ. പി.വി. വിജയം എന്ന അഭിഭാഷകയെ നിയോഗിച്ചു. തുടർന്ന് കേസിന്റെ തുടക്കംമുതൽ ഇതുവരെ അഡ്വ. വിജയമാണ് സന്ദീപിന്റെ കേസുകളെല്ലാം കൈകാര്യം ചെയ്തത്. വെള്ളിയാഴ്ച കോടതി വെറുതേ വിട്ട കേസിലും അഡ്വ. പി.വി. വിജയമായിരുന്നു ഹാജരായിരുന്നത്.
2014 ഒക്ടോബർ 26-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് മലപ്പുറം സ്വദേശിയായ ആലയ്ക്കൽ ഇബ്രാഹിംകുട്ടി എന്നയാളുടെ ബാഗേജിൽ നിന്ന് 3.479 കിലോ സ്വർണം പിടിച്ചതാണ് കേസ്. ഇയാൾക്കൊപ്പം യാത്ര ചെയ്തിരുന്നയാളാണ് സന്ദീപ്. സ്വർണക്കള്ളക്കടത്തിൽ ഭാഗമായിരുന്നു സന്ദീപ് എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ, സന്ദീപിൽനിന്ന് കസ്റ്റംസ് സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് കസ്റ്റംസ് പ്രധാന തെളിവായി ഉന്നയിച്ചത്. എന്നാൽ, കസ്റ്റംസ് ആക്ട് പ്രകാരം സന്ദീപിനെതിരേ കേസ് നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.
ആലയ്ക്കൽ ഇബ്രാഹിംകുട്ടി കേസിൽ ഒന്നാം പ്രതിയും നയതന്ത്ര സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ.ടി. റെമീസ് ഈ കേസിൽ മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതിയായി സന്ദീപിനെയാണ് ചേർത്തിരുന്നത്. കേസിൽ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് സന്ദീപിനെ വെള്ളിയാഴ്ച കുറ്റവിമുക്തനാക്കിയത്. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസ് സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ പ്രോസിക്യൂഷന്റെ തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.