ലോകമെങ്ങും ആരാധകരുള്ള ബാർബി പാവകളുടെ രൂപകല്പകരായ മാരിയോ പഗലിനോ, ജിയാനി ഗ്രോസി എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.
ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് ജീവിത പങ്കാളികളായിരുന്ന ഇരുവരും കൊല്ലപ്പെട്ടത്. കളിപ്പാട്ടങ്ങളുടെ രാജകുമാരിയായ ബാർബി പാവകളെ പല രൂപങ്ങളിൽ ആരാധകരിലേക്കെത്തിച്ച ഇവർ പാവകളുടെ ലോകത്ത് മായാജാലം തീർത്ത പ്രതിഭാശാലികളായിരുന്നു.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാരിയോ, ജിയാനി, സുഹൃത്തുക്കളായ അമോഡിയോ വലേരിയോ ഗിയർണി, ഇദ്ദേഹത്തിന്റെ ഭാര്യ സിൽവിയ എന്നിവർ സഞ്ചരിച്ച വാഹനത്തിലേക്ക് തെറ്റായ ദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. 82 കാരനായ എഗിഡിയോ സെറിയാനോ ആണ് ഈ വാഹനം ഓടിച്ചിരുന്നത്. മാരിയോക്കും ജിയാനിക്കും പുറമേ അമോഡിയോയും 82കാരനും മരിച്ചു. സിൽവിയയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1999 ൽ മാറിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ2000 എന്ന കമ്പനി പിന്നീട് ബാർബി പാവകളുടെ രൂപനിർമിതിയിലൂടെ ലോകപ്രശസ്തമാവുകയായിരുന്നു. 1959 ൽ ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബാർബി പാവകൾക്ക് ഇന്നും ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതിൽ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൗമാര ഫാഷനുകളിൽ നിന്നും പിന്നീട് ടീച്ചറായും നഴ്‌സായും ബിസിനസ് വനിതയായും ബാർബി പാവകൾ അവതരിപ്പിക്കപ്പെട്ടു. അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് ആഗോളമായ അംഗീകാരം ലഭിച്ചപ്പോൾ, മാരിയോയും ജിയാനിയും ഫാഷൻ, ഗ്രാഫിക് ഡിസൈനർമാരായി തങ്ങളുടെ പ്രസ്ഥാനമാരംഭിച്ചു. ഇവരുടെ ബിസിനസ്സ് ആസ്ഥാനം ഇറ്റലിയിലെ നോവാരയിലാരുന്നെങ്കിലും, ബാർബി പാവകളുടെ മാതൃസ്ഥാപനമായ മാറ്റൽ എന്ന കമ്പനിയുമായി അവർക്ക് അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കുറച്ച് കാലത്തിനുശേഷം, അവരുടെ കസ്റ്റമൈസ്ഡ് ഡിസൈനുകൾ വിപണിയിലെത്തിയതോടെ ബാർബി പാവകൾക്ക് ജനപ്രീതിയേറുകയായിരുന്നു.
ആധുനിക കലകളും പോപ് ഐക്കണുകളും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത അപൂർവവും അതുല്യവുമായ ബാർബി പാവകൾ അവതരിപ്പിക്കപ്പെട്ടതോടെ ബ്രാൻഡ് ആഗോള അംഗീകാരം നേടി. മാഡോണ, ലേഡി ഗാഗ, ഷെർ, വിക്ടോറിയ ബെക്കഹാം, സാറാ ജെസിക്കാ പാർക്കർ എന്നിവരെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ബാർബി ശില്പങ്ങൾ അവരുടെ സമാഹാരത്തിൽ ഉൾപ്പെടുന്നു. ബാർബി ലോകത്തെ തങ്ങളുടെ സംഭാവനകൾക്ക് പ്രശസ്തമായ ബാർബി ബെസ്ററ് ഫ്രണ്ട് അവാർഡ് 2016-ൽ ലഭിച്ചിരുന്നു
മാരിയോയും ജിയാനിയും പ്രത്യേകമായി രൂപകൽപ്പന ചെയ്ത പാവകൾ സ്വന്തമാക്കാൻ ബാർബി ആരാധകർക്കിടയിൽ വലിയ ആവേശം ഉണ്ടായിരുന്നു. അവർ രൂപകൽപ്പന ചെയ്ത പാവകൾ വിനോദത്തിനായി മാത്രമല്ല; മറിച്ച്, അതിനെ ഒരു കലാസൃഷ്ടിയായി, ആധുനികതയും ഹൈ ഫാഷനും, പോപ് സംസ്കാരവും സംയോജിച്ച സൃഷ്ടിയായി ജനങ്ങൾ കണക്കാക്കിയിരുന്നു. 2015-ൽ, യുഎസിലെ നാഷണൽ ബാർബി കൺവെൻഷനിൽ, മാരിയോയും ജിയാനിയും രൂപകൽപ്പന ചെയ്ത ഒരു ബാർബി ഡോൾ 15,000 യുഎസ് ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലയിൽ ലേലത്തിൽ വിൽക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.