തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.
കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്‍റ് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണെന്ന് മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടീസുമടിച്ച് വീടുകളിൽ ചെന്നാൽ ഒരാളും വോട്ട് ചെയ്യില്ലെന്നും ആത്മാർത്ഥമായ ബന്ധങ്ങളില്ലെന്നും എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് പാലോട് രവി പറഞ്ഞത് മന്ത്രി ഓർമ്മിപ്പിച്ചു. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ല, വാർഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നു, നാട്ടിൽ ഇറങ്ങി നടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ, വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ ആകൂ എന്നെല്ലാം പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോൺഗ്രസിന്റെ ആത്മവിശ്വാസ കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണാനാകൂ എന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.