ഗോരഖ്പൂര്‍: ഐഎഎസ് ഓഫീസറാകാനുള്ള ഏഴാംക്ലാസുകാരിയുടെ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ട് ആര്‍എസ്എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതി നടത്തുന്ന സ്കൂള്‍.
പന്‍ഖുരി ത്രിപാഠിയെന്ന ഏഴാം ക്ലാസുകാരിയ്ക്കാണ് ഗോരഖ്പൂരിലെ പക്കിബാഗിലുള്ള സരസ്വതി ശിശു മന്ദിറില്‍ നിന്നും ദുരനുഭവം ഉണ്ടായത്. പന്‍ഖുരിയുടെ പിതാവിന് വാഹനാപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിന് പന്‍ഖുരി പഠിക്കുന്ന ആര് എസ് എസിന്റെ കീഴിലുള്ള സ്കൂളിലെ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.ഈ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിമാസം 1,650 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഏകദേശം 18,000 രൂപയോളം പന്‍ഖുരിക്ക് ഫീസ് കുടിശ്ശികയുണ്ട്. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പന്‍ഖുരിയും കുടുംബവും സമീപിക്കുകയും അദ്ദേഹം പഠിക്കാനായുള്ള എല്ലാ സഹായവും നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പന്‍ഖുരിയുടെ വിദ്യാഭ്യാസം തടസപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു. സ്കൂള്‍ ഫീസിന്റെ കാര്യം പറഞ്ഞപ്പോല്‍ അദ്ദേഹം തനിക്ക് ചോക്ലേറ്റ് നല്കി എല്ലാം ശരിയാകുമെന്ന് പറഞ്ഞിരുന്നുവെന്നും പന്‍ഖുരി പറയുന്നു. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് ഫീസ് ഇളവ് ചെയ്യാന്‍ വിസമ്മതിച്ചതായും കുട്ടി പറയുന്നു. അത്തരമൊരു വ്യവസ്ഥയില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്റ് പറഞ്ഞത്.
പിതാവിനൊപ്പം സ്കൂളില്‍ പോയപ്പോള്‍ അധികൃതര്‍ മോശമായി പെരുമാറി. ഫീസ് ഒഴിവാക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും കൂടുതല്‍ രക്ഷിതാക്കള്‍ ഫീസ് ഇളവ് ആവശ്യപ്പെട്ടാല്‍ സ്കൂളിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും അധികൃതര്‍ പറഞ്ഞെന്ന് ഏഴാം ക്ലാസുകാരി പറയുന്നു. ഇതോടെ ഈ സംഭവം ഗോരഖ്പൂറില്‍ വ്യാപക പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പന്‍ഖുരിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കാനും അദ്ദേഹം സന്നദ്ധത അറിയിച്ചു. കുട്ടികളോട് കള്ളം പറയരുതെന്ന് പറഞ്ഞ അഖിലേഷ് യാദവ്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന ബിജെപിയുടെ വ്യാജ മുദ്രാവാക്യങ്ങളുടെ യാഥാര്‍ത്ഥ്യമാണിതെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.