ഇടുക്കി: മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വളപ്പിൽ നിന്നും ചന്ദനം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേർ കൂടി മറയൂർ പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട പെരുങ്കാവ് പ്ലാരം ഗ്രേസ് ഹൗസിൽ മില്ലർ മനു എന്ന രഞ്ജിത് ജി നായർ (48), വയനാട് മേപ്പാടി ആന്ത്ര കുളം സ്വദേശി എസ് അക്ഷയ് (23) എന്നിവരെയാണ് തമിഴ്നാട് ഉടുമൽപ്പേട്ടയിൽ നിന്നും പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പിടിയിലായ തിരുവനന്തപുരം സ്വദേശി അജിത് കുമാർ, മറയൂർ സ്വദേശി മഹേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അജിത്കുമാറും മഹേഷും മറയൂരിൽ നിന്നും നാലുകഷണം ചന്ദനം ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിൽ മൂന്നാറിലെത്തിച്ച് കൈമാറിയത് രഞ്ജിത്തിനും അക്ഷയ്ക്കുമാണ്. ഇവർ സർവ്വീസ് ബസിൽ കയറി ചന്ദനം തൃശൂരിലെത്തിച്ചു. അജിത്തിന്‍റെ നിർദ്ദേശ പ്രകാരം ഒരാളെത്തി ചന്ദനം വാങ്ങി മടങ്ങി. ഇത്തരത്തിലായിരുന്നു ഇവർ കച്ചവടം നടത്തിയത്.
കുപ്രസിദ്ധ ഗുണ്ട അജിത് കുമാർ മൂന്നു കൊലപാതക കേസ്സുകളടക്കം 26 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മഹേഷ് ഒരു കൊലപാതക കേസടക്കം മൂന്നു കേസിലും ചന്ദന കേസുകളിലും പ്രതിയാണ്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത മില്ലർ മനു എന്ന രഞ്ജിത് ജി നായർ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഒരു കിലോ സ്വർണ്ണം തട്ടിയെടുക്കുന്നതിന് സ്വർണ്ണ വ്യാപാരിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. അക്ഷയ് കഞ്ചാവ് കേസുകളിൽ പ്രതിയാണ്. പ്രതികൾ നാലുപേരും പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ഉണ്ടായ പരിചയമാണ് ചന്ദനം കടത്തിന് മറയൂരിൽ എത്തുന്നതിന് കാരണമായത്. മറയൂർ കുടുംബാരോഗ്യ കേന്ദ്ര വളപ്പിൽ നിന്നും ജൂൺ 25 ന് രാത്രിയാണ് ചന്ദനമരം മുറിച്ചുകടത്തിയത്. എന്നാൽ ജൂൺ 29 നാണ് ആശുപത്രി ജീവനക്കാർ ചന്ദനം മരം നഷ്ടപ്പെട്ടത് അറിഞ്ഞത്. മറയൂർ പൊലീസിൽ ആശുപത്രി അധികൃതർ പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലക്കേസ്, ചന്ദന കേസ് അടക്കം നിരവധി കേസിൽ പ്രതിയായ മറയൂർ പട്ടിക്കാട് സ്വദേശി മഹേഷ് (39) ജാമ്യത്തിൽ ഇറങ്ങിയത് അറിഞ്ഞത്. അപരിചിതരായ മൂന്നു പേർ മഹേഷിന്‍റെ വീട്ടിൽ താമസിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് മഹേഷിനെയും അജിത് കുമാറി(49) നെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ചന്ദനം മുറിച്ച വാളും കണ്ടെടുത്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടു പേരെയും പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.