തിരുവനന്തപുരം: ഹൈസ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളോടും എയ്ഡഡ് മാനേജ്മെന്റുകളോടും വ്യക്തമാക്കി സര്‍ക്കാര്‍. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നടപടി മന്ത്രി വി. ശിവന്‍കുട്ടി വിശദീകരിച്ചതോടെ, സമയമാറ്റത്തിലെ എതിര്‍പ്പില്‍നിന്ന് സമസ്ത തത്കാലം പിന്‍വാങ്ങി.
ഭൂരിപക്ഷം മാനേജ്മെന്റുകളും സമയമാറ്റത്തെ അനുകൂലിച്ചെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെയും വൈകീട്ടും കാല്‍മണിക്കൂര്‍ അധികമെടുത്താണ് ഹൈസ്കൂളിലെ സമയമാറ്റം. രാവിലെയുള്ള കാല്‍മണിക്കൂര്‍ മാറ്റി, വൈകീട്ട് അരമണിക്കൂര്‍ എന്നാക്കി പരിഷ്കരിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ഇതിലെ പ്രായോഗികപ്രശ്നം മന്ത്രി അവരെ ധരിപ്പിച്ചു.
കോടതിവിധിയും സാഹചര്യവും വിലയിരുത്തി വേണമെങ്കില്‍ അടുത്തവര്‍ഷം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്ക് ഒരു ഉറപ്പായി കണക്കാക്കി സമസ്ത എതിര്‍പ്പ് മാറ്റി. എന്നാല്‍, വീണ്ടും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍, അന്നത്തെ സാഹചര്യം പരിഗണിച്ച് ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്നാണ് പറഞ്ഞതെന്നും സമയംമാറ്റുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളിലെയും കേരളത്തിലെയും സ്ഥിതി താരതമ്യംചെയ്ത് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം.
കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെഇആര്‍) വ്യവസ്ഥയനുസരിച്ച് 1100 ബോധന മണിക്കൂര്‍ (220 പ്രവൃത്തിദിനം) വേണം. ഗുജറാത്ത് -243, ഉത്തര്‍പ്രദേശ് -233, കര്‍ണാടക -244, ആന്ധ്രാപ്രദേശ് -233, ഡല്‍ഹി -220 എന്നിങ്ങനെയാണ് പ്രവൃത്തിദിനങ്ങള്‍. മറ്റു സംസ്ഥാനങ്ങളെക്കാള്‍ അധ്യയനദിനങ്ങള്‍ കുറവാണ് കേരളത്തിലെന്നും മന്ത്രി വ്യക്തമാക്കി.
അധ്യയനസമയം ഉറപ്പാക്കാന്‍ 25 ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയപ്പോള് അധ്യാപകസംഘടനകള്‍ കോടതിയില്‍പ്പോയി. വിദ്യാഭ്യാസ കലണ്ടര്‍ കോടതി റദ്ദാക്കി. കോടതി ഉത്തരവനുസരിച്ച് അധ്യയനദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗവിദഗ്ധസമിതി രൂപവത്കരിച്ചു. ആ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് കോടതിവിധിക്കുവിധേയമായി സമയമാറ്റം നടപ്പാക്കിയതെന്നും മന്ത്രി വിവരിച്ചു.
സമസ്ത ഇകെ-ഇപി വിഭാഗങ്ങള്‍ക്കുപുറമേ, എംഇഎസ്, എന്‍എസ്എസ്, എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ്, സിഎംഎസ്, കെപിഎസ്എംഎ, എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്, മദ്രസാ ബോര്‍ഡ്, എല്‍എംഎസ്, കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് എന്നീ മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമസ്ത
തിരുവനന്തപുരം: ഹൈസ്കൂള്‍ സമയമാറ്റത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതായി സമസ്ത നേതാക്കള്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചുള്ള വിദ്യാഭ്യാസകലണ്ടര്‍ ഈവര്‍ഷം മാറ്റാനുള്ള പ്രയാസം മന്ത്രി പറഞ്ഞതായും അടുത്തവര്‍ഷം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.
സ്കൂള്‍ സമയമാറ്റത്തെത്തുടര്‍ന്ന് മദ്രസ പഠനത്തിനും പൊതുസമൂഹത്തിനുമുള്ള പ്രയാസങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്കെഎംഎംഎ വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ്, സമസ്ത പിആര്‍ഒ മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമവായ ഫോര്‍മുല വെച്ചത് സര്‍ക്കാര്‍ - ഉമര്‍ ഫൈസി മുക്കം
ഹൈസ്കൂള്‍ സമയമാറ്റത്തിലെ പ്രശ്നം പരിഹരിക്കാന്‍ സമവായ ഫോര്‍മുല വെച്ചത് സര്‍ക്കാരാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മദ്രസാ സമയക്രമത്തില്‍ മാറ്റംവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയിലെ തീരുമാനം അംഗീകരിക്കുന്നെന്നും അടുത്ത വര്‍ഷം ചര്‍ച്ച ചെയ്യാമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും കാന്തപുരം എ.പി. വിഭാഗം നേതാക്കളായ സിദ്ധീഖ് സഖാഫിയും മുഹമ്മദ് കുഞ്ഞി സഖാഫിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.