തൃശ്ശൂർ: തമിഴ്നാട്ടിൽ ഏറെ കേസുകളിൽപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇടതു കൈപ്പത്തി നഷ്ടപ്പെട്ടത് അവിടുത്തെ നാട്ടുകൂട്ടത്തിൽ ഗ്രാമത്തലവന്മാർ വിധിച്ച ശിക്ഷയിലെന്ന് വിവരം ലഭിച്ചിരുന്നെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ. തമിഴ്നാട്ടിൽ സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഗോവിന്ദച്ചാമി നാട്ടുകാരുടെ പിടിയിലായി.
ഗോവിന്ദച്ചാമിയുടെ പേരിൽ സമാനമായ ഒട്ടേറെ പരാതികളുണ്ടായിരുന്നു. ഇടതു കൈപ്പത്തി വെട്ടിമാറ്റാനായിരുന്നു ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടത്തിന്റെ തീരുമാനമെന്ന് സുരേശൻ പറഞ്ഞു. എന്നാൽ, സ്കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്തവേ കുടുങ്ങി നഷ്ടപ്പെട്ടുവെന്നായിരുന്നു ഗോവിന്ദച്ചാമി പറഞ്ഞിരുന്നത്.
''ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ല’’- ഗോവിന്ദച്ചാമിയുടെ പരാതി ഇങ്ങനെ
പരോളില്ല, നല്ല ഭക്ഷണമില്ല... ജയിൽജീവിതം മടുത്തു... ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി. മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിലുണ്ട്. ‘‘15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ല’’ -ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി.
ഇരുമ്പഴി മുറിക്കാൻ ഉപയോഗിച്ച അരം മൂന്നുവർഷം മുൻപ് ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നും മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത് സെല്ലിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയത് എട്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ്. കനത്ത മഴയുള്ള രാത്രി ജയിൽ ചാട്ടത്തിന് തിരഞ്ഞെടുത്തതിൽ ഈ ആസൂത്രണമുണ്ട്. ജയിൽചാട്ടം സുഗമമാക്കാൻ തടികുറയ്ക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച രാത്രി സെല്ലിനുള്ളിൽ രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി മൂടിപ്പുതച്ച് കിടന്നുറങ്ങുണ്ടായിരുന്നുവെന്നാണ് വാർഡൻ പറയുന്നത്. എന്നത്തേയുംപോലെ ചുവരിനോട് ചേർന്നുതന്നെയായിരുന്നു കിടത്തം. ഇതിനിടെ പത്താം ബ്ലോക്കിലെ സെല്ലിൽ വെളിച്ചമില്ലെന്ന് പരാതിവരുന്നു. പിന്നാലെയാണ് വാർഡൻ സെല്ലിനടുത്തെത്തി ടോർച്ചടിച്ചുനോക്കിയത്. ഗോവിന്ദച്ചാമി പതിവുശൈലിയിൽ പുതച്ചുമൂടി അവിടെത്തന്നെയുണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
മുൻപ് പുറത്തുവന്നിരുന്ന ചിത്രങ്ങളിൽ കണ്ടിരുന്നതിനേക്കാൾ മെലിഞ്ഞ രൂപത്തിലാണ് ഇപ്പോൾ പിടിയിലായ ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങൾ. ഇയാൾ ഏതാണ്ട് പകുതിയോളം ഭാരം കുറച്ചിരുന്നെന്നാണ് സൂചന. ജയിൽ ചാടാൻവേണ്ടി ഭക്ഷണം ക്രമീകരിച്ചതിലൂടെയാണ് ഈ ശരീരപ്രകൃതിയിലേക്ക് ഗോവിന്ദച്ചാമി എത്തിയതെന്നാണ് വിവരം. മനഃപൂർവം ഭക്ഷണം ചുരുക്കിയും ചിലനേരത്ത് കഴിക്കാതിരുന്നും ശരീരഭാരം കുറയ്ക്കുകയായിരുന്നു. കമ്പികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. ദീർഘനാളായി ചോറ് കഴിച്ചിരുന്നില്ല. പകരം ചപ്പാത്തി കഴിച്ചു. ഇതിന് ഡോക്ടറിൽനിന്നുള്ള അനുവാദവും ലഭിച്ചിരുന്നുവെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.