വാഗമണ്‍: അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസ്സുകാരന്, ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷനുള്ളിലേക്ക് കയറിയ വാഹനം നിയന്ത്രണംവിട്ട് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ നാഗമ്മല്‍ വീട്ടില്‍, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)-ന് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലായിരുന്നു അപകടം. കുട്ടിയുടെ അച്ഛന് ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ കാണാനെത്തിയതായിരുന്നു. കാര്‍ ഇവിടെ നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യുകയായിരുന്നു.
കുട്ടിക്ക് പാല് നല്‍കുന്നതിനായി ആര്യ രണ്ടാമത്തെ ചാര്‍ജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടയില്‍ ചാര്‍ജ് ചെയ്യാനെത്തിയ മറ്റൊരു കാര്‍ ഇവിടേക്ക് കയറ്റുംവഴി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു. എറണാകുളത്തുള്ള അഭിഭാഷകനാണ് അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചതെന്നാണ് വിവരം. അയാന്‍ഷ് നാഥ് പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പാലായിലായിരുന്നു താമസം.
അപകടം പുതിയ കാറിലെ കന്നിയാത്രയില്‍
നേമം: വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറിടിച്ചുണ്ടായ വാഹനാപകടത്തില്‍ പുതിയ കാറിലെ കന്നിയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. മരിച്ച നാലുവയസ്സുകാരന് അയാന്റെ കുടുംബം കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേമം ശാന്തിവിള ശാസ്താംനഗറിലെ നാഗമ്മാള്‍ ഹൗസില്‍നിന്നു പുറപ്പെട്ടത്. പുതുതായി വാങ്ങിയ ഇലക്ട്രിക് കാറിലെ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. കാര്‍ ചാര്‍ജ് ചെയ്യാന്‍വേണ്ടി കാത്തിരിക്കുമ്പോഴാണ് അയാനും അമ്മ ആര്യയ്ക്കും നേരേ മറ്റൊരു കാര്‍ പാഞ്ഞുകയറിയത്.
വാഗമണ്‍ സന്ദര്‍ശിച്ചശേഷം ആര്യയെയും അയാനെയും പാലായിലെ വീട്ടിലാക്കിയശേഷം മടങ്ങാനായിരുന്നു തീരുമാനം. അയാന്റെ അച്ഛന് ശബരിനാഥ് ആക്കുളം എയര്‍ഫോഴ്സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനാണ്.
ശബരിനാഥിന്റെ അച്ഛന് റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സുന്ദരവും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന ശബരിനാഥിന് ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തേക്കു മാറ്റം കിട്ടിയത്.
പാലായിലെ പോളിടെക്നിക്കില്‍ അധ്യാപികയായ ആര്യയ്ക്കൊപ്പമായിരുന്നു അയാനും. ഒരുവര്‍ഷം മുന്‍പാണ് ആര്യയ്ക്കു ജോലി ലഭിച്ചത്. അവധി ദിവസങ്ങളില്‍ ആര്യയും കുഞ്ഞ് അയാനും ശാസ്താംനഗറിലെ വീട്ടില്‍ എത്തിയിരുന്നു. വലിയശാല സ്വദേശികളായ ഇവര്‍ 15 വര്‍ഷം മുന്‍പാണ് ശാന്തിവിള ശാസ്താംനഗറില്‍ താമസമായത്. അയാന് അയല്‍വാസികള്‍ക്കെല്ലാം പരിചിതനായിരുന്നു. അയാന് ഇനിയില്ലെന്നത് ഉള്‍ക്കൊള്ളാന്‍ സമീപവാസികള്‍ക്കു കഴിയുന്നില്ല.വിനോദയാത്ര പോകുമ്പോള്‍ അയാന് പരിസരവാസികളോടു യാത്രപറഞ്ഞിരുന്നു. പാലായിലെ വീടിനടുത്തുള്ള ഡേ സ്കൂളില്‍ പോയിത്തുടങ്ങിയതിന്റെ വിശേഷങ്ങളും അയാന് സമീപവാസികളുമായി പങ്കുെവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.