ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തി തഹാവൂർ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് മുംബൈയിൽ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു. ഡൽഹിയിലെ തിഹാർ ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലാണ് റാണയിപ്പോൾ. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ പറഞ്ഞു.
സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലഷ്കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവർത്തിച്ചിരുന്നത്.മുംബൈയിൽ ഇമിഗ്രേഷൻ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം റാണയുടേതായിരുന്നു. ബിസിനസ് ചെലവുകൾ എന്ന പേരിലാണ് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. ആക്രമണം നടന്ന നവംബർ 26ന് തൊട്ടുമുൻപുവരെ മുംബൈയിൽ ഉണ്ടായിരുന്നെന്നും അതു ഭീകരരുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു.
∙ ദുബായ് വഴി ബെയ്ജിങ്ങിലേക്ക്
ആക്രമണത്തിനു മുന്നോടിയായി ഡൽഹി, മുംബൈ, ജയ്പുർ, ഗോവ, പുണെ തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിലേക്ക് ഹെഡ്‌ലി യാത്ര ചെയ്തിരുന്നു. ഇമിഗ്രന്റ് ലോ സെന്റർ എന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവ് എന്ന നിലയിൽ ആയിരുന്നു യാത്രകളൊക്കെ. ഒരു വനിതയാണ് കമ്പനി നടത്തിയത്. ആക്രമണത്തിനു മുൻപ് ഭീകരർക്ക് കാര്യങ്ങൾ നടത്താനുള്ള മറയായാണ് ഓഫിസ് പ്രവർത്തിച്ചത്. 2008 നവംബറിൽ ഇന്ത്യ സന്ദർശിച്ച റാണ, മുംബൈയിലെ പോവൈയിൽ 20നും 21നും താമസിച്ചിരുന്നു. ആക്രമണത്തിനു മുന്നോടിയായി ദുബായ് വഴി ബെയ്ജിങ്ങിലേക്കു പോയെന്നും റാണ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
വെളിപ്പെടുത്തലിന്റെ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈ പൊലീസ് റാണയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തേക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഛത്രപതി ശിവാജി ടെർമിനൽ പോലുള്ള സ്ഥലങ്ങളുടെ വിവരം ഹെഡ്‌ലിക്കു നൽകിയത് റാണയാണെന്ന് 2023ൽ ക്രൈംബ്രാഞ്ച് നൽകിയ 405 പേജ് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈ വർഷം മേയിൽ ആണ് റാണയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. അന്നുമുതൽ എൻഐഎയുടെ കസ്റ്റഡിയിൽ ആണ് ഇയാൾ.
∙ പാക്ക് സൈന്യത്തിലെ ഡോക്ടർ
പാക്ക് വംശജനായ റാണയ്ക്ക് കനേഡിയൻ പൗരത്വമുണ്ട്. 1986ൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ആർമി മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് കോഴ്സ് പാസായ റാണ ക്വറ്റയിലെ പാക്ക് സൈന്യത്തിൽ ക്യാപ്റ്റൻ ഡോക്ടർ തസ്തികയിൽ നിയമിതനായി. സിന്ധ്, ബലൂചിസ്താൻ, ബഹാവൽപുർ, സിയാചിൻ–ബലോത്ര തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്റിങ് ലഭിച്ചിട്ടുണ്ട്. സിയാചിനിൽ കഴിയുന്നതിനിടെ പൾമണറി എഡീമയെന്ന രോഗം ബാധിച്ചു.
പിന്നാലെ ജോലിയിൽനിന്നു വിട്ടുനിന്നതിനെത്തുടർന്ന് ഒളിച്ചോടിയെന്ന് ചാർത്തപ്പെട്ടു. ഈ ചീത്തപ്പേര് ശരിയാക്കിത്തരാമെന്ന ഹെഡ്‌ലിയുടെ ഉറപ്പിന്മേലാണ് ഭീകര പദ്ധതിയുടെ ഭാഗമാകാമെന്ന് സമ്മതിച്ചതെന്നും റാണ നേരത്തേതന്നെ പറഞ്ഞിരുന്നു. പാക്ക് സൈന്യം ഇതു വിശ്വാസത്തിലെടുത്താണ് ഗൾഫ് യുദ്ധത്തിന്റെ സമയം രഹസ്യ ദൗത്യവുമായി സൗദി അറേബ്യയിലേക്ക് അയച്ചത്. ജർമനി, യുകെ, യുഎസ് എന്നിവിടങ്ങളിൽ താമസിച്ചശേഷമാണ് കാനഡയിൽ സ്ഥിരതാമസം ആക്കിയത്.
∙ ഹെഡ്‌ലിക്കൊപ്പം1974-79 കാലത്ത് റാണയും ഹെഡ്‌ലിയും കെഡറ്റ് കോളജ് ഹസൻ അബ്ദലിൽ ഒരുമിച്ചു പഠിച്ചിരുന്നു. ഹെഡ്‌ലിയുടെ മാതാവ് അമേരിക്കൻ വംശജയാണ്. പിതാവ് പാക്കിസ്ഥാൻ പൗരനും. രണ്ടാനമ്മയുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് ഹെഡ്‌ലി യുഎസിലേക്കു പോയത്. 2003 - 2004 കാലത്ത് ഹെഡ്‌ലി ലഷ്കറെ തയിബയുടെ മൂന്ന് പരിശീലനക്യാംപുകളിൽ പങ്കെടുത്തിരുന്നെന്നും റാണ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.