കൊച്ചി : ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മിക്ക പോസ്റ്റ് ഓഫിസുകൾ വഴിയും ലഹരിമരുന്ന് അയച്ചിട്ടുണ്ടെന്ന് വിവരം. എഡിസണെ പിടികൂടുന്നതിനു മുൻപു തന്നെ ഇക്കാര്യം നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് മനസ്സിലാക്കിയിരുന്നു. എഡിസൻ, മൂവാറ്റുപുഴ സ്വദേശി അരുൺ തോമസ്, മറ്റൊരു കേസിൽ അറസ്റ്റിലായ ഇവരുടെ സഹപാഠിയും സുഹൃത്തുമായ പറവൂർ സ്വദേശി ഡിയോൾ കെ.വർഗീസ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴും ഇക്കാര്യത്തിൽ എൻസിബി വ്യക്തത തേടിയിരുന്നു. നാലു ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇവരെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുകയാണ്.
യുകെയിൽനിന്ന് വൻതോതിൽ എത്തിക്കുന്ന എൽഎസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയർ സര്‍വീസും വഴി ഇവർ അയച്ചിരുന്നെന്ന് എൻസിബി വൃത്തങ്ങൾ വെളിപ്പെടുത്തി. എഡിസന്റെ വീട്ടിൽ വച്ചായിരുന്നു ലഹരി അയയ്ക്കാനുള്ള പായ്ക്കറ്റുകളിലാക്കിയിരുന്നത്. ആഴ്ചയിൽ 4 തവണയെങ്കിലും എഡിസൺ ഇത്തരത്തിൽ പാഴ്സലുകൾ അയച്ചിരുന്നെന്ന് എന്‍സിബി വൃത്തങ്ങൾ പറഞ്ഞു. രണ്ടോ മൂന്നോ എൽഎസ്ഡി സ്റ്റാംപുകൾ മാത്രമേ ഒരു പായ്ക്കറ്റിൽ ഉണ്ടാവൂ. വ്യാജ ആധാർ വിവരങ്ങളാണോ പാഴ്സലുകൾ അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിച്ചിരുന്നത് എന്നതും എൻസിബി അന്വേഷിക്കുന്നുണ്ട്.ലഹരി സംഘത്തിൽ ഒരിക്കൽ ഉൾപ്പെട്ടാൽ പിന്നീട് പുറത്തു കടക്കാനാവില്ലെന്നും അതാണു തനിക്കു സംഭവിച്ചതെന്നും എഡിസൺ മൊഴി നൽകിയതായി സൂചനയുണ്ട്. പെട്ടെന്ന് കുറച്ചു പണമുണ്ടാക്കി യുകെയിലേക്കു കുടിയേറാനാണ് ലഹരി ഇടപാടു തുടങ്ങിയതെന്നും പക്ഷേ പിന്നീട് അതിൽനിന്നു പിന്മാറാൻ സാധിച്ചില്ലെന്നുമാണ് എഡിസൺ പറയുന്നത്. അരുൺ തോമസ് കൂടുതലായും പാഴ്സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡിയോളിനും ഭാര്യ അഞ്ജുവിനും എഡിസണ്‍ ഡാർക്ക് വെബ് വഴി നടത്തുന്ന കെറ്റാമെലോൺ ലഹരി ഇടപാടിനെ കുറിച്ച് അറിയാമായിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല. 2022ൽ കൊച്ചിയിൽ കെറ്റമിൻ പിടിച്ച കേസിലാണ് ഡിയോളും ഭാര്യയും അറസ്റ്റിലായത്. ഓസ്ട്രേലിയയിലേക്ക് കെറ്റമിൻ അയയ്ക്കാൻ എഡിസൺ ഇവരെ സഹായിച്ചിരുന്നു എന്നാണ് വിവരം. എൻജിനീയറിങ് പഠനകാലത്തു സഹപാഠികളായിരുന്നു എഡിസണും അരുണും ഡിയോളും.ലഹരിമരുന്നു കേസിൽ അറസ്റ്റിലായ എഡിസനെ വീണ്ടും റിമാൻഡ് ചെയ്തു : എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മിക്ക പോസ്റ്റ് ഓഫിസുകൾ വഴിയും ലഹരിമരുന്ന് അയച്ചിട്ടുണ്ടെന്ന് വിവരം
0
ശനിയാഴ്ച, ജൂലൈ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.