തിരുവനന്തപുരം: കണ്ണ്, ഹൃദയം, വൃക്കകൾ തുടങ്ങിയവ മാത്രമല്ല, മരണാനന്തരം ചർമവും ദാനംചെയ്യാം. ഇതിനു സൗകര്യമൊരുക്കാൻ സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ വരും. ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15-നാണ് സ്കിൻ ബാങ്ക് ഉദ്ഘാടനം ചെയ്യുന്നത്. സ്കിൻ ബാങ്ക് വരുന്നതോടെ പൊള്ളൽ ചികിത്സയിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും പ്രവർത്തനം.എന്താണ് സ്‌കിൻ ബാങ്ക്?
പൊള്ളലേറ്റും അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റും ചർമം നഷ്ടപ്പെടുന്നവർക്കു പകരം വെച്ചുപിടിപ്പിക്കാനായി സ്ഥാപിക്കുന്ന ചർമസംഭരണ കേന്ദ്രമാണ് സ്കിൻ ബാങ്ക്. ദാതാക്കളുടെ ശ്രദ്ധാപൂർവമായ സ്ക്രീനിങ്, സംസ്കരണം, സംരക്ഷണത്തിനുള്ള സാങ്കേതികവിദ്യകൾ, ദാനംചെയ്യുന്ന ചർമം മെഡിക്കൽ ഉപയോഗത്തിന് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ ഗുണനിലവാര നിയന്ത്രണം എന്നിവ സ്കിൻ ബാങ്കിൽ ഉൾപ്പെടുന്നു. അപകടങ്ങളിൽ ചർമം നഷ്ടമാകുന്നവർക്ക് അവരുടെതന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ചർമമെടുത്ത് ചികിത്സ ചെയ്യാറുണ്ട്. എന്നാൽ പൊള്ളലേറ്റുൾപ്പെടെയുള്ള അപകടങ്ങളിൽ പലപ്പോഴുമിത് സാധ്യമല്ലാതെവരും. ചികിത്സ വൈകുംതോറും അണുബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനു പരിഹാരമായാണ് സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത്.
ശേഖരണം എവിടെ നിന്ന്?
മൃതശരീരങ്ങളിൽനിന്നാണ് ത്വക്ക് ശേഖരിക്കുന്നത്. മരണപ്പെട്ട് ആറുമണിക്കൂറിനുള്ളിൽ 0.1 മുതൽ 0.9 മില്ലിമീറ്റർ വരെ ആഴത്തിൽനിന്നു ശ്രദ്ധാപൂർവമാണിതു ചെയ്യുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തുനിന്നും ശേഖരിക്കാമെങ്കിലും പുറമേ കാണാത്ത ഭാഗങ്ങളായ തുടഭാഗം, മുതുക് എന്നിവിടങ്ങളിൽ നിന്നാണെടുക്കുന്നത്. എച്ച്ഐവി, ഹെപ്പെറ്റെറ്റിസ് പോലുള്ള രോഗമുള്ളവരുടെ ചർമം ശേഖരിക്കില്ല.
അതുപോലെ ബാക്ടീരിയ, ഫംഗസ് പരിശോധനകൾ നെഗറ്റീവായാൽ മാത്രമേ എടുക്കുകയുള്ളൂ. ഇങ്ങനെ ശേഖരിക്കുന്ന ചർമം അതിനൂതന മാർഗങ്ങളുപയോഗിച്ച് സംസ്കരണം നടത്തി മനുഷ്യന് നടന്നുകയറാൻ കഴിയുന്ന പ്രത്യേകതരം വാക് ഇൻ റെഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. മൂന്നുവർഷംവരെ കേടുകൂടാതെ സൂക്ഷിക്കാനാകും.
ആശങ്ക വേണ്ടാചർമം ദാനംചെയ്യുന്നതുകൊണ്ട് മൃതദേഹത്തിന് യാതൊരുവിധ വൈകൃതങ്ങളും സംഭവിക്കുന്നില്ല. ചികിത്സാരംഗത്ത് ത്വക്കിന് ആവശ്യമേറെയാണ്. എന്നാലിതിനനുസരിച്ച് ലഭ്യതയില്ല. മികച്ച പരിചരണം ഉറപ്പുവരുത്തുന്ന സ്കിൻ ബാങ്കുകൾ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. മികച്ച സംവിധാനമാണിത്. അതിനാൽ ചർമദാനത്തിന് ആശങ്കകളില്ലാതെ തയ്യാറാക്കാം.
ഡോ. എ.പി. പ്രേംലാൽ മേധാവി പ്ലാസ്റ്റിക് സർജറി വിഭാഗം മെഡിക്കൽ കോളേജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.