ചൈനയിലെ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു വനിതാ ഡോക്ടറാണ്. 26-കാരിയായ യാന്യന്. ആരോഗ്യരംഗത്തെ വാര്‍പ്പ് മാതൃകകളെ പൊളിച്ചുക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന യാന്യനിന്റെ രീതികളാണ് അവരെ വൈറലാക്കിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ക്വിങ് മുന്‍സിപ്പാലിറ്റിയിലെ ഫോറന്‍സിക് ലബോറട്ടറിയിലെ ഫോറന്‍സിക് പാത്തോളജിസ്റ്റാണ് യാന്യന്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 600 മൃതദേഹങ്ങളാണ് ഇവര്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ചോങ്ക്വിങ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫോറന്‍സിക് മെഡിസിനില്‍ ബിരുദം നേടിയത് മുതല്‍ അപ്രതീക്ഷിതമായും സംശയകരമായും മരിക്കുന്ന ആളുകളുടെ മൃതദേഹങ്ങള്‍ യാന്യന് കൈകാര്യം ചെയ്ത് തുടങ്ങി.
ഇതിന് പുറമേ വേറേയും പ്രത്യേകതകള്‍ യാന്യനിനെ ശ്രദ്ധേയയാക്കുന്നു. അതില്‍ പ്രധാനപ്പെട്ടത് വലിയ ഭാരം ഉയര്‍ത്താനുള്ള അവരുടെ കഴിവ്. ബാര്ബെലില് 120 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. തന്റെ ഫിറ്റ്നെസ് ട്രെയിനിങ്ങാണ് ഇതിന് സഹായിക്കുന്നതെന്ന് അവര്‍ പറയുന്നു. തന്റെ ജോലിയുടെ ആവശ്യത്തിനായി കൂടിയാണ് അവര്‍ ഭാരോദ്വഹനം നടത്തുന്നത്. 150 കിലോഗ്രാം വരെ ഭാരമുള്ള മൃതദേഹങ്ങള്‍ നീക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
സാമൂഹിക മാധ്യമത്തില്‍ 14,000 ഫോളോവര്‍മാരാണ് യാന്യനിനുള്ളത്. തന്റെ ജോലിയുടെ വിശേഷങ്ങളും ഫിറ്റ്നെസ് വിശേഷങ്ങളുമെല്ലാമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്. സ്ത്രീകള്‍ ഇത്തരം ജോലി ചെയ്യാന്‍ കഴിയാത്തവരും നൈറ്റ് ഷിഫ്റ്റിന് പറ്റാത്തവരും ഇടയ്ക്കിടെ യാത്ര പോകാന്‍ കഴിയാത്തവരും ദുര്ബലകളുമാണെന്ന പൊതുധാരണയെ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യാന്യന് പറയുന്നു.
താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും യാന്യന് പറയുന്നു. ചില സ്ഥാപനങ്ങള്‍ പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ചെയ്യുന്ന കാരണം തന്നെ പലരും അവജ്ഞയോടെ കാണുന്നതായും അവര്‍ പറയുന്നു. ജോലി എന്താണെന്ന് അറിഞ്ഞാല്‍ പിന്നെ ഹസ്തദാനം ചെയ്യാന്‍ പോലും പലരും മടി കാണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മരിച്ചവര്‍ക്ക് നീതി, അവരുടെ കുടുംബത്തിന് സമാധാനം എന്ന് പറഞ്ഞുകൊണ്ട് ചെയ്യുന്ന ജോലിയോട് നൂറുശതമാനം പ്രതിബദ്ധതയോടെ മുന്നോട്ട് പോകുകയാണ് യാന്യന്. ഇവരുടെ ഭര്‍ത്താവും ഫിറ്റ്നെസ് പ്രേമിയാണ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും പൂര്‍ണപിന്തുണ യാന്യനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.