കൊൽക്കത്ത : സൗത്ത് കൽക്കട്ട ലോ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർഥി നേതാവ് മനോജിത് മിശ്രയ്ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ഇയാൾ മുൻപും നിരവധി പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ഭയം കാരണം ആരും പുറത്തുപറയാത്തതാണെന്നും മറ്റൊരു പെൺകുട്ടി വെളിപ്പെടുത്തി. പതിനഞ്ചോളം പെൺകുട്ടികൾ മിശ്രയുടെ ക്രൂരതകൾക്ക് ഇരയായിട്ടുണ്ടെന്നും രണ്ടു വർഷം മുൻപ് തനിക്കു നേരെ അക്രമം നടന്നതായി വെളിപ്പെടുത്തിയ പെൺകുട്ടി, ഭയം കാരണം പരാതി നൽകിയില്ലെന്നും പറഞ്ഞു.
‘മാംഗോ മിശ്ര’ എന്ന് അറിയപ്പെടുന്ന മനോജിത് വിദ്യാർഥിനികൾക്കിടയിൽ പേടിസ്വപ്നമായിരുന്നെന്നും ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകളിൽ കയറാതിരിക്കുമായിരുന്നെന്നും പറയുന്നു. പാതിവഴിയിൽ പഠനം നിർത്തിയവരും നിരവധിയാണ്.‘‘ഭയം തങ്ങി നിൽക്കുന്നതായിരുന്നു ആ ക്യാംപസ് അന്തരീക്ഷം. അയാൾ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അത് വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമായിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കും. അയാൾ കാരണം വിദ്യാർഥിനികൾ ക്ലാസുകളിൽ കയറാൻ പോലും ഭയപ്പെട്ടിരുന്നു.’’– ലോ കോളജിലെ മറ്റൊരു പൂർവ വിദ്യാർഥിനി ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
‘‘മിശ്രയ്‌ക്കെതിരെ കൊൽക്കത്തിയിൽ ഉടനീളം നിരവധി പരാതികളുണ്ട്. 2019ൽ ഇയാൾ കോളജിൽവച്ച് ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തിരുന്നു. 2024ൽ ഇയാൾ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും കോളജ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. മോഷണക്കേസുകളും ഇയാൾക്കെതിരെയുണ്ട്. നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും രാഷ്ട്രീയ പിടിപാടു കാരണം ആരും നടിപടിയെടുക്കാൻ മുന്നോട്ടുവന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ സംരക്ഷണത്തിന്റെ ബലത്തിലാണ് ഇയാൾ എല്ലാ ക്രൂരതകളും കാട്ടിക്കൂട്ടുന്നത്. മാതാപിതാക്കൾ പോലും ഇയാളെ ഉപേക്ഷിച്ചിരുന്നു. ’’– യുവതി വെളിപ്പെടുത്തി.ഒന്നാം വർഷം നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മനോജിത് മശ്ര ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് കൽക്കട്ട ലോ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ജൂൺ 25നാണ് കൂട്ടബലാത്സംഗത്തിനിരയായത്.ഒരു അപേക്ഷ നൽകാനായി കോളജിലെത്തിയപ്പോഴാണു പീഡനമുണ്ടായത്. വിവാഹാഭ്യർഥന വിദ്യാർഥിനി തള്ളിയതിനെ തുടർന്നാണ് മനോജ് മിശ്ര വിദ്യാർഥികളുടെ ഒത്താശയോടെ പെൺകുട്ടിയെ 2 മണിക്കൂറോളം പീഡനത്തിനിരയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.