കൊച്ചി : കൈവിട്ടുപോകുമായിരുന്ന ജീവനെ തിരികെ നൽകിയ കേരളത്തിന്റെ മണ്ണുവിട്ട് കുഞ്ഞു ‘നിധി’ മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു. ഉപേക്ഷിച്ചു പോയ മാതാപിതാക്കൾക്കു കുട്ടിയെ നോക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ജാർഖണ്ഡ് ശിശു ക്ഷേമ സമിതിക്ക് കൈമാറും. ജാർഖണ്ഡ് സിഡബ്ല്യുസി ആയിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറുന്ന കാര്യത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജാർഖണ്ഡ് ശിശുക്ഷേമ സമിതിയിൽ നിന്ന് അഭിപ്രായം തേടിയിരുന്നുവെന്ന് സിഡബ്ല്യുസി ചെയർമാൻ വിൻസെന്റ് ജോസഫ് വ്യക്തമാക്കി. കുട്ടിയെ സംരക്ഷിക്കാൻ ആവശ്യമായ സാമ്പത്തിക ചുറ്റുപാട് മാതാപിതാക്കൾക്ക് ഇല്ല എന്നാണ് അവർ അറിയിച്ചത്. ഒരിക്കൽ കുട്ടിയെ ഉപേക്ഷിച്ചു പോയ ചരിത്രമുള്ളതിനാൽ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് തന്നെ കുട്ടിയെ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി. ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസർ കെ.എസ്.സിനിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ജാർഖണ്ഡിലേക്കു പോയത്. പശ്ചിമ ബംഗാൾ സിഡബ്ല്യുസിക്ക് കൈമാറാനുള്ള മറ്റൊരു കുഞ്ഞും ഇവർക്കൊപ്പമുണ്ട്.കോട്ടയത്തെ മീൻവളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് ദമ്പതികൾ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പൂർണ വളർച്ച എത്താത്തതിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്കു മടങ്ങി. കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത് ‘നിധി’ എന്ന് പേരു നൽകി. ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. ആശുപത്രി ബില്ലടയ്ക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലാത്തതിനാൽ നാട്ടിലേക്കു പോയെന്നും, കുഞ്ഞ് ജീവനോടെയില്ലെന്നാണ് കരുതിയതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞ് ജീവനോടെയുണ്ടെന്ന് അറിഞ്ഞതോടെ ഇവർ കേരളത്തിൽ തിരികെ എത്തി കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജാർഖണ്ഡ് സിഡബ്ല്യുസിയുടെ അഭിപ്രായം തേടുകയായിരുന്നു.കേരളത്തിന്റെ മണ്ണുവിട്ട് കുഞ്ഞു ‘നിധി’ മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്
0
തിങ്കളാഴ്ച, ജൂലൈ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.