താമരശ്ശേരി : ചുരത്തിലെ അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് [അടിവാരം - ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ] യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റിയും സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
ശനിയാഴ്ച താമരശ്ശേരി രൂപതാഭവനിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 16 ന് ബത്തേരി മുതൽ കോഴിക്കോട് വരെ ബൈപാസ് ആവശ്യം ഉന്നയിച്ച് "വയനാടിൻ്റെ വഴി തുറക്കു" എന്ന മുദ്രാവാക്യവുമായി സമര സന്ദേശ യാത്ര നടത്താനും യോഗം തീരുമാനിച്ചു. ചുരം ബൈപാസ് ആവശ്യം ഉന്നയിച്ച് ജനകീയ ഒപ്പ് ശേഖരണം, ദേശീയപാത ഓഫിസ് ഉപരോധം തുടങ്ങിയ സമര പരിപാടികളും തുടർന്ന് സംഘടിപ്പിക്കും. ചുരം ബൈപാസിനു വേണ്ടി നടത്തുന്ന എല്ലാവിധ പ്രക്ഷോഭങ്ങൾക്കും ബിഷപ് പിന്തുണ പ്രഖ്യാപിച്ചു.ചുരത്തിലെ ഗതാഗത കുരുക്ക് നിത്യ സംഭവമായതോടെ ഈ ദേശീയപാതയോരത്തെ ടൗണുകളിൽ കടുത്ത വ്യാപാര മാന്ദ്യം നേരിടുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കോഴിക്കോട് ജില്ലാ പ്രസിഡൻ്റുമായ പി.കെ. ബാപ്പു ഹാജി ചൂണ്ടിക്കാട്ടി. ചുരത്തിലെ യാത്രാ ദുരിതം മൂലം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതായി സമിതി വയനാട് ജില്ലാ പ്രസിഡൻ് ജോജിൻ ടി. ജോയി വ്യക്തമാക്കി. യോഗത്തിൽ സംയുക്ത കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹുസൈൻ കുട്ടി , ടി.ആർ. ഓമനക്കുട്ടൻ, പി.കെ. ബാപ്പു ഹാജി, ജോജിൻ ടി. ജോയി, അമീർ മുഹമ്മദ് ഷാജി, പി. ടി.എ. ലത്തീഫ്, ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, സെയ്ത് തളിപ്പുഴ, റജി ജോസഫ്, റാഷി താമരശ്ശേരി, പി.കെ. സാലിഹ്, പി.പി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.