മുട്ടിൽ: നാട്ടിലെ എല്ലാകാര്യത്തിലും മുന്നിലുണ്ടായിരുന്നവർ, മിടുക്കൻമാർ... അനൂപിനെയും ഷിനുവിനെയും കുറിച്ച് അവർക്ക് കൂടുതൽ പറയാൻസാധിച്ചില്ല. വിങ്ങുന്ന വേദന ഉള്ളിലൊതുക്കിയപ്പോൾ വാക്കുകൾ മുറിഞ്ഞുപോയി. മോർച്ചറിക്ക് മുൻപിലും ആശുപത്രി വരാന്തയിലുമൊക്കെയായി അവർ കൂട്ടംകൂടിനിന്നു. ജീവന്റെ ഒരുകണികയെങ്കിലും ബാക്കിയുണ്ടാവുമെന്നും അവർ തിരികെവരുമെന്നുമൊക്കെ പ്രതീക്ഷിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തിയവർ നിരാശയോടെനിന്നു. ‘വിവരമറിഞ്ഞപ്പോൾ ഒന്നും യാഥാർഥ്യമാകല്ലേയെന്ന് ആഗ്രഹിച്ചു’ -ആശുപത്രിയിലെത്തിയ റോയ് വാഴവറ്റയുടെ വാക്കുകൾ. അവരിരുവരും ഇനി തങ്ങൾക്കൊപ്പമില്ലെന്ന സത്യം മനസ്സിലാക്കിയപ്പോൾ വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങളുടെ ഉള്ളുലഞ്ഞുപോയി.
ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായതിനാൽ ഇരുവരും നാട്ടിലെല്ലാവർക്കും സുപരിചിതരാണ്. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റുകൂടിയായിരുന്നു അനൂപ്. പൊതുപ്രവർത്തനത്തിനൊപ്പം അനൂപിന് കൃഷിയുമുണ്ടായിരുന്നു. ഷിനു ഫാബ്രിക്കേഷൻ ജോലിക്കും പോയിരുന്നു. ഇതോടൊപ്പമാണ് ഇവർ കോഴിഫാമും പാട്ടത്തിനെടുത്ത് നടത്തിയത്. 10 ദിവസം മുൻപാണ് കോഴിഫാം പ്രവർത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിൽവെച്ചുതന്നെ അപ്രതീക്ഷിത ദുരന്തമുണ്ടായതിന്റെ വേദനയിലാണ് നാടൊന്നാകെ.
ഷിനുവിനെ പ്രവേശിപ്പിച്ച കൈനാട്ടി ജനറൽ ആശുപത്രിയിലേക്കും കല്പറ്റ ലിയോ ആശുപത്രിയിലേക്കും പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്കും അവസാനം വീട്ടിലേക്കും ജനമൊഴുകിയെത്തി. മന്ത്രി ഒ.ആർ. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് അഷ്റഫ് ചിറയ്ക്കൽ, സെക്രട്ടറി സലീം പാഷ തുടങ്ങിയവർ കൈനാട്ടി ആശുപത്രിയിലെത്തി.
പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിങ്ങിപ്പൊട്ടി. അനൂപും ഷിനുവും അവസാനമായി വീട്ടിലെത്തിയപ്പോൾ അടക്കപ്പിടിച്ച തേങ്ങലുകൾ കരച്ചിലായി. ആ വീട്ടുമുറ്റം സങ്കടക്കടലായി.
രാത്രി വീട്ടിൽകൊണ്ടാക്കി പോയതാണ്...
‘വ്യാഴാഴ്ച രാത്രി എന്നെ വീട്ടിൽകൊണ്ടാക്കി മടങ്ങിയതാണ് അനൂപ്. രാവിലെയായപ്പോൾ വിട്ടുപിരിഞ്ഞു’ -ഫാമിലെ ജോലിക്കാരനായ മോഹൻദാസിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. ‘വ്യാഴാഴ്ച രാത്രി എട്ടരയോടെ ഫാമിൽനിന്ന് അനൂപാണ് വീട്ടിൽകൊണ്ടാക്കിയത്. രാവിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഫോൺവിളിച്ചപ്പോൾ രണ്ടുപേരും എടുത്തില്ല.
കോഴിക്കുഞ്ഞുങ്ങൾക്ക് വെള്ളംകൊടുക്കുന്ന തിരക്കിൽ ഫോൺ എടുക്കാത്തതാണെന്ന് കരുതി. ഫാമിലെത്തിയപ്പോഴാണ് ഇരുവരും കമിഴ്ന്നുകിടക്കുന്നത് കണ്ടത്. തൊട്ടുവിളിച്ചിട്ടും അവർ അനങ്ങിയില്ല’ -മോഹൻദാസ് പറഞ്ഞു.
ഷോക്കേറ്റതാണെന്ന് അറിയാതെ ഞാനവരെ തൊട്ടുവിളിച്ചിരുന്നു. രാവിലെ തെനേരി മില്ലിന് സമീപം മരം വീണതിനാൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും മോഹൻദാസ് പറഞ്ഞു.
ഫാമിൽ പരിശോധന
അനൂപും ഷിനുവും മരിച്ചനിലയിൽ കണ്ടെത്തിയ കോഴിഫാമിൽ അധികൃതർ പരിശോധന നടത്തി. കോപ്പർ കമ്പി ഉപയോഗിച്ചുള്ള ഫെൻസിങ്ങിൽനിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. മീനങ്ങാടി എസ്എച്ച്ഒ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, കെഎസ്ഇബി മുട്ടിൽ അസിസ്റ്റന്റ് എൻജിനിയർ പി.എസ്. രാജീവൻ, സബ് എൻജിനിയർമാരായ കെ.എം. ജംഹർ, കെ.കെ. ചന്ദ്രൻ, ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ വി. സുമേഷ്, ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ പി.കെ. അനിൽകുമാർ, അസിസ്റ്റന്റ് ഇലക്‌ട്രിക്ക് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ജിജീഷ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.