ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണത്തിൽ വിമർശനം ഉയരുന്നതിനിടെ, ബിഹാറിൽ വോട്ടർപട്ടികയിലുൾപ്പെടാൻ സമർപ്പിക്കേണ്ട പൗരത്വരേഖകളിൽ ആധാറില്ല. ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകൾ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള രേഖയായി കമ്മിഷൻ നിർദേശിച്ചത്.
വ്യക്തികളുടെ തിരിച്ചറിയൽരേഖയായി നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സർക്കാർ ആനുകൂല്യങ്ങൾക്ക് നിർബന്ധമാക്കുകയും ചെയ്തതാണ് ആധാർ.ബിഹാറിന്റെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിൽ കമ്മിഷൻ നിർദേശിച്ച 11 പൗരത്വതിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുക എളുപ്പമാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടിക പരിഷ്കരണം ഭേദഗതിചെയ്ത പൗരത്വനിയമം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
വോട്ടർപട്ടിക പരിഷ്കരണം: ആധാറിലും ആശങ്ക ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിൽ പട്ടികയിലുൾപ്പെടാൻ സമർപ്പിക്കേണ്ട പൗരത്വരേഖകളിൽ ആധാർ ഒഴിവാക്കിയതിൽ ആശങ്കയേറെയാണ്. ആധാറിനെ മാറ്റിനിർത്തി, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്നതെന്നാണ് ആരോപണം.
എന്നാൽ, ആധാർ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്ന് ബംഗ്ലാദേശിൽനിന്നടക്കമുള്ള അനധികൃത കുടിയേറ്റമാണെന്നും സൂചനയുണ്ട്. അനധികൃതമായി കുടിയേറുന്നവർ വ്യാജ ആധാർ സംഘടിപ്പിച്ചതായ റിപ്പോർട്ടാണ്, 2003-നുശേഷം ബിഹാറിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധനാപ്രക്രിയയിലേക്ക് കമ്മിഷൻ കടക്കാൻ കാരണമെന്നാണ് വിവരം. ഇതാണ് പൗരത്വത്തിനാവശ്യമായ രേഖകൾ കമ്മിഷൻ ആവശ്യപ്പെടാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വ്യക്തികളുടെ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡായ ആധാർ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് പരിഗണിക്കാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സാധാരണ ആധാറും അനുബന്ധ വിവരങ്ങളും നൽകിയാണ് പലരും വോട്ടർപട്ടികയിൽ പേര് ചേർത്തിരുന്നത്. ഇങ്ങനെ പട്ടികയിൽ ഉൾപ്പെടുന്നവർ വോട്ടെടുപ്പിൽ നിന്ന് പുറത്താകുമോെയന്നാണ് ആശങ്ക. ബിഹാറിൽ തുടങ്ങിയ പ്രക്രിയ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ വോട്ടുബാങ്കിനെയാവും കാര്യമായി ബാധിക്കുക
എന്തുകൊണ്ട് ആധാർ വേണ്ടാ
വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ തൃണമൂൽ അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ എതിർത്തിരുന്നു. അതിനാൽ 11 അടിസ്ഥാനരേഖകളിൽ ആധാറിനെ ഉൾപ്പെടുത്തുന്നത് എന്തിനാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം.
‘ആധാർ എന്നത് വ്യക്തിത്വം തിരിച്ചറിയാനുള്ള രേഖമാത്രമാണ്, ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്നതല്ല’ എന്ന് ആധാർ കാർഡുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ആധാർ പൗരത്വത്തിനോ ജനനത്തീയതിക്കോ ജനിച്ച സ്ഥലം തെളിയിക്കുന്നതിനോ ഉള്ള രേഖയാവുന്നില്ലെന്നും വാദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.