മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതേസമയം, അനാരോഗ്യകരമായ ജീവിതശൈലി കാരണം പലതരം ആരോഗ്യപരമായ അപകടസാധ്യതകൾക്ക് വിധേയമാകുന്ന ഏറ്റവും ദുർബലമായ അവയവങ്ങളിൽ ഒന്നും ഹൃദയംതന്നെയാണ്.
ഹൃദയത്തെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ രോഗാവസ്ഥകളിൽ ഒന്നാണ് ഹൃദയത്തിലെ ക്യാൻസർ അഥവാ കാർഡിയാക് ട്യൂമർ. രോഗബാധിതമായ കോശങ്ങൾ ഹൃദയത്തിലോ അതിനടുത്തോ അനിയന്ത്രിതമായി വളരുന്നതാണ് ട്യൂമറിന് കാരണമാകുന്നത്.
പ്രധാനമായും രണ്ട് തരത്തിലാണ് ഹൃദയത്തിൽ ട്യൂമറുണ്ടാകുന്നത്. ഹൃദയത്തിൽ തന്നെയുണ്ടാകുന്ന അസാധാരണമായ വളർച്ചയെ പ്രൈമറി ട്യൂമർ എന്നാണ് പറയുന്നത്. ഇത് വളരെ അപൂർവമാണ്. ഇവ കാൻസർ സ്വഭാവമുള്ളതോ അല്ലാത്തതോ ആകാം. അതേസമയം, അടുത്തുള്ള അവയവങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് വ്യാപിക്കുന്നവയെ സെക്കൻഡറി ഹൃദയ ട്യൂമറുകൾ എന്ന് പറയും. പ്രൈമറി ട്യൂമറിനെ അപേക്ഷിച്ച് സാധാരണമാണെങ്കിലും മറ്റ് ട്യൂമറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതും അപൂർവമാണ്.
ഹൃദയാർബുദം അപൂർവമാണെന്നതിനാലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ മറ്റ് ഹൃദ്രോഗങ്ങളുടേതിന് സമാനമായതിനാലും രോഗനിർണയം പലപ്പോഴും ബുദ്ധിമുട്ടാണ്. എക്കോകാർഡിയോഗ്രാം ആണ് അർബുദം കണ്ടെത്താനുള്ള ഒരു മാർഗം. ട്യൂമർ അപകടകരമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സിടി സ്കാൻ സഹായിക്കുന്നു. എംആർഐ-യും രോഗനിർണയത്തിൽ നിർണായകമാണ്.
ലക്ഷണങ്ങൾ ഹൃദയാർബുദത്തിന്റെ ലക്ഷണങ്ങൾ ട്യൂമറിന്റെ തരം, സ്ഥാനം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, നെഞ്ചുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ, ക്ഷീണവും ബലഹീനതയും, കാലുകളിലും കൈകളിലുമുള്ള നീർവീക്കം, ബോധക്ഷയം അല്ലെങ്കിൽ തലകറക്കം എന്നിവ സാധാരണയായി കാണുന്ന ചില ലക്ഷണങ്ങളാണ്. പനി, വിറയൽ, ക്ഷീണം, രാത്രിയിൽ വിയർക്കൽ, ശരീരഭാരം കുറയൽ, സന്ധിവേദന തുടങ്ങിയ അണുബാധയ്ക്ക് സമാനമായ ചില ലക്ഷണങ്ങളുമുണ്ടായേക്കാം.
ചികിത്സ ശസ്ത്രക്രിയ ചെയ്ത് ട്യൂമർ നീക്കം ചെയ്യുന്നതാണ് ഹൃദയാർബുദത്തിനുള്ള ചികിത്സാരീതി. അതീവസങ്കീർണമാണ് ഈ ശസ്ത്രക്രിയ. ട്യൂമർ ചുരുക്കുന്നതിനുള്ള റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി മരുന്നുകൾ എന്നിവയും ചികിത്സയ്ക്കായി ഡോക്ടർമാർ ഉപയോഗിക്കുന്നു. ഹൃദയം മാറ്റിവയ്ക്കുന്നതും ഒരു ചികിത്സാമാർഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.