പട്ന : ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി മുൻ നേതാവുമായ ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്നലെ രാത്രി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പട്നയിലെ മാൽസലാമി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി ഉമേഷിനൊപ്പമുണ്ടായിരുന്ന വികാസ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിനിടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. കേസിലെ മുഖ്യപത്രി ഉമേഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയെന്ന് കരുതുന്ന ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്‌ന പൊലീസിന്റെയും സ്പെഷൽ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാൽ ഖേംക കൊല്ലപ്പെട്ടത്. രാത്രി 11. 40ന് വീടിന് സമീപം കാറിൽ നിന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ ഉമേഷ് വെടിവയ്ക്കുകയായിരുന്നു. ഖേംകയുടെ മകൻ ഗുഞ്ജൻ ഖേംകയും 2018 ഡിസംബറിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഖേംകയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം പിൻവലിച്ചു.പട്നയിലെ മഗധ് ആശുപത്രിയുടെ മുൻ ഉടമയായ ഗോപാൽ ഖേംകയ്ക്ക് ഒട്ടേറെ മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും ഫാക്ടറികളുമുണ്ട്. ബിജെപി നേതാവുകൂടിയായ മകൻ ഹാജിപുരിലെ ഫാക്ടറിവളപ്പിൽ വെടിയേറ്റുമരിച്ച ശേഷം ഇദ്ദേഹം ആശുപത്രി വിൽക്കുകയും സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയുമായിരുന്നു. ഡോക്ടറായ ഒരു മകനും യുഎസിൽ കഴിയുന്ന മകളും കൂടി ഇദ്ദേഹത്തിനുണ്ട്.
ഈ വർഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഡിയു– ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ പ്രമുഖ വ്യാവസായിയുടെ കൊലപാതകം. ഇതോടെ പ്രതിപക്ഷമായ ആർജെഡിയും കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി. സംഭവത്തിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട മുഖ്യമന്ത്രി നിതീഷ് കുമാർ, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. നിയമവാഴ്ചയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും എന്തെങ്കിലും തരത്തിലുള്ള അനാസ്ഥയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും പൊലീസിന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.