കടയ്ക്കൽ: കിഴക്കൻ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി.തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് കുമ്മിളിൽവെച്ച് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പഴകിയ ഇറച്ചിയാണെന്നു കണ്ടതിനെത്തുടർന്ന് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു.പോലീസും പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ദിവസങ്ങൾ പഴകിയ മാംസമാണിതെന്നു കണ്ടെത്തി. ഡ്രൈവർ തിരുവല്ലം സ്വദേശി സുരേഷ്‌കുമാറിനെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ മാംസം പെട്ടികളിൽ വാരി കൂട്ടിയിട്ടനിലയിലായിരുന്നു.
കടയ്ക്കൽ, കുമ്മിൾ, ചടയമംഗലം, ആയൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.