ന്യൂഡൽഹി: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിനായി യെമെനിൽ സ്വാധീനമുള്ള ഒരു ഷേഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി തന്നോട് വിശദീകരിച്ചതായും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട യെമെനി പൗരനായ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ ഇതുവരെ ദിയാധനം വാങ്ങാൻ തയ്യാറായിട്ടില്ല. കുടുംബത്തിന്റെ അഭിമാനമായാണ് ഈ വിഷയത്തെ സഹോദരൻ കാണുന്നതെന്നും അറ്റോർണി ജനറൽ പറഞ്ഞു.ഇന്ത്യക്ക് നയതന്ത്രബന്ധം കുറവായ യെമനിലെ ഇടപെടലിന് പരിമിതിയുണ്ട്. എങ്കിലും വധശിക്ഷ നടപ്പാക്കുന്നത് സസ്‌പെൻഡ് ചെയ്യണമെന്ന് യെമെനിലെ പബ്ലിക് പ്രോസിക്യുട്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പാക്കുയാണെങ്കിൽ അത് തികച്ചും ദുഃഖകരമാകുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.'പണം ഒരു വിഷയമല്ല, എത്ര പണം വേണമെങ്കിലും മലയാളികൾക്ക് ശേഖരിക്കാനാകും'
ബ്ലഡ് മണി നൽകുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷ പ്രിയക്കായി സുപ്രീം കോടതിയെ സമീപിച്ച സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുളള മലയാളികൾക്ക് സമാഹരിക്കാൻ കഴിയുമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും സുപ്രീം കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ നടക്കുന്ന ഇടപെടൽ സംബന്ധിച്ച കാര്യങ്ങൾ അന്ന് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.