വാഷിങ്ടണ്‍: ജൂണ്‍ 23-ന് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ നടന്ന ഇറാനിയന്‍ മിസൈല്‍ അക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ടുകള്‍. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാന്റെ ആക്രമണത്തില്‍ വ്യോമതാവളത്തിലുണ്ടായിരുന്ന ആശയവിനിമയത്തിന് വേണ്ടി ഉപയോഗിച്ചികുന്ന ജിയോഡെസിക് ഡോമിന് തകരാര്‍ സംഭവിച്ചു. വാര്‍ത്ത ഏജന്‍സി അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉപഗ്രഹ ദൃശ്യങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളെയും അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിന് ശേഷമാണ് വിവരം പുറത്ത് വിട്ടത്. ഖത്തിറന്റെ തലസ്ഥാനമായ ദോഹയില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം പശ്ചിമേഷ്യയിലെ യു.എസ് സൈനിക നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷം ഡോമിന് മുകളില്‍ മിസൈല്‍ പതിച്ചു എന്ന കാര്യം പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കേടുപാടുകള്‍ വളരെ കുറവാണെന്നും, അതിനാല്‍ താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു. 'അല്‍ ഉദൈദ് പ്രവര്‍ത്തനക്ഷമമായി തുടരുന്നു.' പാര്‍നെല്‍ പറഞ്ഞു.
വ്യോമതാവളം അക്രമിക്കുന്നതിനെ കുറിച്ച് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് പ്രകാരം ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ യുഎസിന്റെയും ഖത്തറിന്റെയും പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചു. പതിനാല് മിസൈലുകളാണ് ഇറാന് വിക്ഷേപിച്ചത്. അതില്‍ 13 എണ്ണം തടയുകയും ഒരെണ്ണം 'ഭീഷണിയില്ലാത്ത' ലക്ഷ്യത്തിലെത്താന്‍ അനുവദിച്ചു എന്നാണ് ട്രംപ് പറഞ്ഞത്.
'ആരുടെയും ജീവന് നഷ്ടപ്പെടാതിരിക്കാനും പരിക്കേല്‍ക്കാതിരിക്കാനും അക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്കിയ ഇറാനിന് ഞാന്‍ നന്ദി പറയുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
അക്രമണത്തിന് ശേഷം വ്യേമതാവളം പൂര്‍ണ്ണമായും തകര്‍ത്തു, ആശയവിനിമയം വിച്ഛേദിച്ചു എന്നായിരുന്നു ഇറാന്റെ വാദം. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഡോമിന് കേടുപാടുകള്‍ സംഭവിച്ചത് വ്യക്തമാണെങ്കിലും താവളത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ ഒരു യുഎസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല.
നൂതന വാര്‍ത്താവിനിമയ ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഈ ഡോം, 2016 ല്‍ 1.5 കോടി യുഎസ് ഡോളര്‍ മുടക്കിയാണ് നിര്‍മ്മിച്ചത്.പന്ത്രണ്ട് ദിവസം നീണ്ട് നിന്ന ഇറാന്- ഇസ്രായേല്‍ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഇറാനിലെ മൂന്ന് ആണവനിലയങ്ങള്‍ അക്രമിച്ചിരുന്നു. അതിനുള്ള മറുപടി ആയിട്ടാണ് ഇറാന് ഖത്തറിലെ യുഎസ് വ്യോമതാവളങ്ങള്‍ അക്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.