മുംബൈ : വ്യാജ രേഖകള്‍ സമർപ്പിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതിയെന്ന കേസിൽ മുൻ ഐഎഎസ് ട്രെയ്‌നി പൂജ ഖേദ്കറുടെ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നാസിക് ഡിവിഷനൽ കമ്മിഷൻ റദ്ദാക്കി. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിട്ടും പ്രവേശന പരീക്ഷകളിൽ ആനുകൂല്യം നേടാനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും കാഴ്ചപരിമിതി സംബന്ധിച്ച സർട്ടിഫിക്കറ്റും പൂജ നൽകിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ വർഷം ജൂലൈയിൽ യുപിഎസ്‌സി പൂജയുടെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കുകയും യുപിഎസ്‌സി പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെയാണ് ഒബിസി നോൺ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തുന്നത്. 6 ലക്ഷമാണു തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനമെന്നായിരുന്നു പൂജയുടെ വാദം. എന്നാൽ ഇവരുടെ കുടുംബത്തിനു കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകളുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.സംസ്ഥാന വായുമലിനീകരണ നിയന്ത്രണ ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന പൂജയുടെ പിതാവ് ദിലീപ് ഖേദ്കർ മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 40 കോടി രൂപയുടെ സ്വത്തുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. 2.8 ലക്ഷം രൂപയുടെ നികുതി അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പൂജയുടെ അമ്മയുടെ പേരിലുള്ള എൻജിനീയറിങ് സ്ഥാപനം മുനിസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.