കോഴിക്കോട്: കൊലപാതകത്തെക്കുറിച്ച് വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരേ നടപടി. ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 24-ന് ബേപ്പൂരില്‍ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
ബേപ്പൂരില്‍ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ദിവസം ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ഒരു അതിഥി തൊഴിലാളി പോലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇയാളെ ചീത്തപറഞ്ഞ് ഓടിച്ച പോലീസുകാര്‍ സംഭവം നടന്ന സ്ഥലത്തേക്ക് പോയി നോക്കിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.മെയ് 24നാണ് മത്സ്യത്തൊഴിലാളിയായ സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്തിന് 50 മീറ്റര്‍ ദൂരത്ത് പോലീസ് ജീപ്പ് ഉണ്ടായിരുന്നു. ലോഡ്ജിനടുത്തുള്ള മരം കടപുഴകിവീണതിനെത്തുടര്‍ന്നാണ് പോലീസ് അവിടെയെത്തിയത്. ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് വന്ന് പറഞ്ഞു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കൂടാതെ 'മരംവീണത് നോക്കാനാണ് എത്തിയതെന്നും നീ നിന്റെ പണിനോക്കി പോയ്ക്കോ' എന്നും പറഞ്ഞ് അങ്ങോട്ടുപോയില്ലെന്നാണ് പരാതിയുണ്ടായത്.
ഇയാള്‍ ഉടന്‍ ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അവിടെ പാറാവിന്റെ ചുമതലക്കാരനായ പോലീസുകാരനെയും അറിയിച്ചു. എന്നാല്‍, അയാളും അവിടേക്ക് വന്നില്ലെന്നാണ് ആക്ഷേപം. ഇതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം ആരംഭിച്ചത്.
ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീസ്റ്റാര്‍ ലോഡ്ജില്‍ അനീഷ് എന്നയാള്‍ എടുത്ത വാടകമുറിയില്‍ മൂന്നുദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കല്‍ മുദാക്കര ജോസ് (35) എന്നയാളാണ് കൊലചെയ്തതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. സ്പെഷ്യല്‍ സ്ക്വാഡ് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.