അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസം നീണ്ടുനിന്ന് ദൗത്യത്തിന് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കുടുംബത്തെ കണ്ട് ശുഭാംശു ശുക്ല. ടെക്സാസിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു ഭാര്യ കാമ്ന ശുക്ല, മകനും ആറ് വയസ്സുകാരനുമായ കിയാഷ് ശുക്ല എന്നിവരുമായുള്ള ശുഭാംശുവിന്റെ ഒത്തുചേരല്‍. തന്റെ കുടുംബത്തെ ആശ്ലേഷിച്ച നിമിഷം തനിക്ക് വീട് പോലെ അനുഭവപ്പെട്ടുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ ശുഭാംശു ശുക്ല കുറിച്ചു.
"ബഹിരാകാശ യാത്രകള്‍ അത്ഭുതകരമാണ്, പക്ഷേ അതിനൊപ്പം അത്ഭുതകരമാണ് നീണ്ട നാളുകള്‍ക്ക് ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത്. ഞാന്‍ ക്വാറന്റീനില്‍ പ്രവേശിച്ചിട്ട് രണ്ടുമാസത്തോളമായിരുന്നു. കുടുംബം സന്ദര്‍ശിക്കാനെത്തുന്ന സമയങ്ങളില്‍ ഞങ്ങള്‍ എട്ടുമീറ്റര്‍ അകലം പാലിക്കേണ്ടതായും വന്നു. അവന്റെ കൈകളില്‍ അണുക്കള്‍ ഉള്ളതിനാല്‍ അച്ഛനെ തൊടാന്‍ സാധിക്കില്ലെന്നാണ് മകനോട് പറഞ്ഞിരുന്നത്. ഓരോ പ്രാവശ്യം കാണാന്‍ വരുമ്പോഴും അവന് അമ്മയോട് ഞാന്‍ കൈകള്‍ കഴുകട്ടെ എന്ന് ചോദിക്കുമായിരുന്നു. ബഹിരാകാശ ദൗത്യം തീര്‍ത്തും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഭൂമിയിലെത്തിയ ശേഷം കുടുംബവുമായുള്ള കൂടിച്ചേരല്‍ എന്നില്‍ വീടെന്ന പോലെ തോന്നല്‍ ഉളവാക്കി. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇന്ന് തന്നെ കണ്ടെത്തി നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടയാളാണെന്ന് അവരോട് പറയുക. ജീവിതത്തിലുണ്ടാകുന്ന തിരക്കുകള്‍ മൂലം നമ്മള്‍ക്ക് ചുറ്റുമുള്ളവര്‍ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നമ്മള് മറക്കുന്നു. മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ അത്ഭുകരമാണെങ്കിലും അതിന് പിന്നില്‍ മനുഷ്യരുടെ കരങ്ങളുണ്ട്", ഇന്‍സ്റ്റാഗ്രാമില്‍ ശുഭാംശു കുറിച്ചു.ശുഭാംശു ഭൂമിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ ഞങ്ങളുടെ അടിയന്തര ശ്രദ്ധ പുനരധിവാസത്തിലും ശുഭാംശു ഭൂമിയിലെ ജീവിതവുമായി സുഗമമായി പൊരുത്തപ്പെടുന്നതിലുമായിരിക്കുമെന്ന് ഭാര്യ കാമ്ന പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശുഭാംശുവിന്റെ പ്രിയപ്പെട്ട വിഭവങ്ങള്‍ തയ്യാറാകുന്നതിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിജയകരമായുള്ള ഡോക്കിങ്ങിന് ശേഷം ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ഭാര്യ കാമ്നയുമായി സംസാരിച്ചിരുന്നു. ശുഭാംശു ഓരോ ദിവസവും ബഹിരാകാശ നിലയത്തില്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളാണ് താനുമായി സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നതെന്നും കാമ്ന പറയുന്നു. 2009-ലാണ് ശുഭാംശുവും കാമ്നയും വിവാഹിതരായത്.
ആക്സിയം-4 ദൗത്യത്തിന് ശേഷം ചൊവ്വാഴ്ചയാണ് ശുഭാംശു ഉള്‍പ്പെട്ട സംഘത്തെ വഹിച്ച ഡ്രാഗണ്‍ പേടകം ഭൂമിയില്‍ തിരിച്ചിറങ്ങിയത്. 22 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് ശുഭാംശുവും സംഘവും ഭൂമിയില്‍ തിരിച്ചിറങ്ങിയത്. 1984-ലെ രാകേഷ് ശര്‍മയുടെ സോവിയറ്റ് യൂണിയന് ദൗത്യത്തിന് ശേഷം ബഹിരാകാശ സഞ്ചാരിയാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 18 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല. ഐഎസ്ആര്‍ഒയുടെ മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഭാഗം കൂടിയാണ് ശുഭാംശു ശുക്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.