ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽനിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിലെ പ്രതി പിടിയില്‍.
ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളി ശരത്തിനെയാണ് (26) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. പ്രതിയുമായി മോഷണം നടന്ന സ്വകാര്യ ആശുപത്രിയിലും തലവടിയിലെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കാണാതായ സീലുകളും സ്റ്റാമ്പ് പാഡും കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ആശുപത്രിയുടെ ടാഗും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, മോഷ്ടിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ച് തീർത്തതായി പ്രതി പൊലീസിനോട് പറഞ്ഞു.
ഈ മാസം 12നാണ് നഗരപരിസരത്തെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടന്നത്. ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ആദ്യം കിട്ടിയതിന് വേണ്ടത്ര വ്യക്തതയില്ലയായിരുന്നു.
പിന്നീട് കിട്ടിയ ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം കിട്ടിയതോടെയാണ് സമാനകേസുകളിൽ ഏർപ്പെട്ടവരുടെ വിവരം ശേഖരിച്ചത്. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽനിന്ന് ചില സൂചനകൾ ലഭിച്ചതോടെയാണ് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ നഗരത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഒറ്റക്കാണ് മോഷണം നടത്തിയതെന്നും ഉറക്കം വരാറില്ലെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
കനത്ത സുരക്ഷയെ മറികടന്ന് അര്‍ധരാത്രിയും കഴിഞ്ഞ് പുലര്‍ച്ചെ 1.45നായിരുന്നു മോഷണം. വളരെയേറെ സുരക്ഷമേഖലയിൽനിന്ന് ശസ്ത്രക്രിയകൾക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷ്ടിച്ചത്.
ഇതിൽ അഞ്ചാം നിലയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നാണ് മയക്കുമരുന്നുകൾ കവർന്നത്. ഇവിടെ സിസിടിവി അടക്കമുള്ള സംവിധാനങ്ങളുണ്ട്. കൂടാതെ അനസ്തേഷ്യക്ക് ഉപയോഗിക്കുന്നതടക്കമുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കുന്നത് ഡബിൾ ലോക്കർ സംവിധാനമുള്ള അലമാരയിലാണ്.
ഈ അലമാരക്ക് ഡബിൾ ലോക്കർ പൂട്ടാണുള്ളത്. ഇതിന്‍റെ താക്കോലുകൾ മറ്റൊരു മേശയിൽനിന്ന് എടുത്താണ് മരുന്നുകൾ മോഷ്ടിച്ചത്. എല്ലാ ദിവസവും മരുന്നുകൾ പരിശോധിച്ച് രേഖപ്പെടുത്തിവെക്കുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഏതെങ്കിലും തരത്തുള്ള സഹായം ലഭിക്കാതെ എങ്ങനെ മോഷണം നടത്തിയെന്നതിൽ ദുരൂഹതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.